'അമ്മയെ ഉപേക്ഷിക്കണമെന്ന് വാശിപിടിച്ച ഭർത്താവിനെ ഉപേക്ഷിച്ച് അമ്മക്ക് കാവലിരുന്നു'; നടി ലൗലി ബാബുവിനെ തനിച്ചാക്കി അമ്മ യാത്രയായി
text_fieldsപത്തനാപുരം: അമ്മയെ ഉപേക്ഷിക്കണമെന്ന് വാശിപിടിച്ച ഭർത്താവിനെ വിട്ട് ഗാന്ധിഭവനിൽ കാവലിരുന്ന മകളെ തനിച്ചാക്കി ഒടുവിൽ അമ്മ യാത്രയായി.
ചലച്ചിത്ര-സീരിയല്‍-നാടക നടി ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തന്‍ (93) ആണ് മരിച്ചത്. അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേര്‍ത്ത് ചേര്‍ത്തല എസ്.എല്‍ പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16നാണ് ഗാന്ധിഭവനില്‍ എത്തിയത്.
വാർധക്യത്തിന്റെ അവശതകൾ നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് ലൗലി കൂടെയുണ്ടായിരുന്നു. ഒരു വർഷത്തിലേറേയായി അമ്മക്കൊപ്പമായിരുന്നു ലൗലി ബാബു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്ന മക്കള്‍ക്ക് വലിയ പാഠമായിരുന്നു ഈ അമ്മ-മകള്‍ സ്‌നേഹം.
ഒരുപാട് സ്ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാന്‍ ലൗലി തയാറല്ലായിരുന്നു. അങ്ങനെ തനിക്ക് കൂടി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഗാന്ധിഭവനക്കുറിച്ചറിയുന്നത്. എല്ലാം കേട്ട ശേഷം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ലൗലിയോട് പറഞ്ഞു: അങ്ങനെയെങ്കില്‍ ഇങ്ങ് പോന്നേക്ക്. അങ്ങനെ ലൗലി അമ്മയെയും കൂട്ടി ഗാന്ധിഭവനിലെത്തി.
അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയാണ് നാട്ടിലുള്ളത്. അമ്മയുടെ ആഗ്രഹംപോലെ അവിടെയായിരിക്കും അന്ത്യകർമങ്ങളെന്ന് ലൗലി ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

