നടിയെ ആക്രമിച്ച കേസ്; കൂറുമാറിയ ബിന്ദുപണിക്കരുടെയും ഭാമയുടെയും നാദിർഷയുടെയും ഇടവേള ബാബുവിന്റെയും മൊഴികൾ പുറത്ത്
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികൾ പുറത്ത്. നടൻ സിദ്ദീഖ് ഉൾപ്പെടെ 21 സാക്ഷികളുടെ മൊഴികളാണ് പുറത്തുവന്നത്. ബിന്ദുപണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവരും കൂറുമാറിയിട്ടുണ്ട്. പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു ഇവരെല്ലാം. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് സിദ്ദിഖ് പൊലീസിന് മൊഴി നൽകിയത്. കൊച്ചിയിൽ എ.എം.എം.എ റിഹേഴ്സൽ കാമ്പിൽ വെച്ച് ദിലീപ് തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകി. എന്നാൽ സിദ്ദിഖ് പിന്നീട് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ വൈരാഗ്യം ഉണ്ടായിരുന്നു. അവൾ എന്റെ കുടുംബം തകർത്തവളാണ്. ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കുമെന്നും ദിലീപ് പറഞ്ഞു. -എന്നാണ് എന്ന് നടി ഭാമ പൊലീസിന് മൊഴി നൽകിയത്. പിന്നീട് നടി മൊഴി മാറ്റി. നടി ബിന്ദു പണിക്കരും പൊലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു. കാവ്യമാധവൻ കരഞ്ഞു എന്നതുൾപ്പെടെ ബിന്ദു പണിക്കർ പറയുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കർ കൊച്ചിയിലെ എ.എം.എം.എ റിഹേഴ്‌സൽ ക്യാമ്പിലെ സംഭവങ്ങള്‍ വിശദീകരിച്ചിരുന്നു. പിന്നീട് ബിന്ദു പണിക്കര്‍ കോടതിയില്‍ സാക്ഷി മൊഴി മാറ്റി പറഞ്ഞു. ബിന്ദു പണിക്കര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തന്റെ റോളുകൾ ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നുമാണ് ഇടവേള ബാബു പൊലീസിനോട് പറഞ്ഞത്.
പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്ന് നാദിർഷയും പൊലീസിന് മൊഴി നൽകി. ജയിലിനകത്ത് നിന്നാണ് പൾസർ സുനി വിളിച്ചതെന്നും നാദിർഷ പറഞ്ഞു. കോടതിയിലെത്തിയപ്പോൾ നാദിർഷയും മൊഴി മാറ്റി. 2017 ഫെബ്രുവരി 17നായിരുന്നു നടിയെ ആക്രമിച്ച സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

