പ്രോസിക്യൂഷന് തിരിച്ചടിയായത് വൻ കൂറുമാറ്റം; 261 സാക്ഷികളിൽ 28 പേർ കൂറുമാറി
text_fieldsനടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനായ ശേഷം എറണാകുളം ജില്ല സെഷൻസ് കോടതിയിൽനിന്ന് നടൻ ദിലീപ് പുറത്തേക്കുവരുന്നത് കാത്തിരിക്കുന്ന അനുജൻ അനൂപും (വലത്ത്) ബന്ധുക്കളും സുഹൃത്തുക്കളും
കൊച്ചി: മൂന്നുതവണ സ്പെഷൽ പ്രോസിക്യൂട്ടർമാരെ മാറ്റി വിചാരണ നടത്തേണ്ടിവന്ന കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയായത് പ്രമുഖ സാക്ഷികളുടെ കൂറുമാറ്റം. വിസ്തരിച്ച 261 സാക്ഷികളിൽ പ്രമുഖ താരങ്ങൾ അടക്കം 28 പേരാണ് കൂറുമാറിയത്. ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കിയ മൂന്നുപേരും കാര്യമായ പ്രയോജനം ചെയ്തില്ല.
ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ, സിദ്ദീഖ്, കാവ്യ മാധവൻ, നാദിർഷ എന്നിവരാണ് സിനിമ രംഗത്തുനിന്ന് കൂറുമാറിയ പ്രമുഖർ. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഹൈദർ അലി, സഹോദരൻ സലിം, പ്രൊഡക്ഷൻ മാനേജർ ഷൈൻ, റൂബി വിഷ്ണു, കാവ്യയുടെ മാതാപിതാക്കളായ ശ്യാമള, മാധവൻ, സഹോദരൻ മിഥുൻ, സഹോദര ഭാര്യ റിയ, സബിത, കാവ്യയുടെ സ്ഥാപനത്തിലെ ജീവനക്കാരൻ സാഗർ വിൻസന്റ്, പ്രൊഡ്യൂസർ രഞ്ജിത്, കാവ്യയുടെ ഡ്രൈവർ സുനീർ, ദിലീപിന്റെ സഹോദരൻ അനൂപ്, അളിയൻ സൂരജ്, ഡ്രൈവർ അപ്പുണ്ണി, ഹോട്ടൽ ജീവനക്കാരി ഷേർളി അജിത്, ഉഷ, നിലിഷ, ദിലീപിന്റെ വീട്ടിലെ സെക്യൂരിറ്റി ദാസൻ, തൃശൂരിലെ ബി.ജെ.പി നേതാവ് ഉല്ലാസ് ബാബു, ബൈജു, ഐ.ജി ദിനേശൻ എന്നിവരാണ് കൂറുമാറിയ മറ്റുള്ളവർ.
പ്രമുഖ താരങ്ങൾ കൂറുമാറിയതോടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നോ എന്നതടക്കം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ലഭിക്കാതെ പോയത്.
മാപ്പുസാക്ഷികളായി അവതരിപ്പിച്ച പ്രതികൾ വഴി ദിലീപിലേക്ക് എത്തുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. 10, 13, 14 പ്രതികളായിരുന്ന വിഷ്ണു, വിപിൻ ലാൽ, പി.കെ. അനീഷ് എന്നിവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. ജയിലിൽനിന്ന് പൾസർ സുനി ദിലീപിന് എഴുതിയ കത്ത് സഹതടവുകാരനായിരുന്ന വിഷ്ണു വഴിയാണ് കൈമാറിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
വർഷങ്ങൾ നീണ്ട വിചാരണയിൽ മൂന്നുതവണ പ്രോസിക്യൂട്ടറെ മാറ്റിനിയമിച്ചതും പ്രോസിക്യൂഷന് തിരിച്ചടിയായി. പഴുതുകൾ അടച്ച് പ്രതിരോധം തീർത്താണ് പ്രോസിക്യൂഷന്റെ ഓരോ തെളിവും ദിലീപിന്റെ അഭിഭാഷകർ ഖണ്ഡിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

