നടിയെ ആക്രമിച്ച കേസ്; ജഡ്ജിമാർക്കെതിരായ ഊമക്കത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം
text_fieldsകോട്ടയം: നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ചോർന്നെന്നും മറ്റും കാണിച്ച് ജഡ്ജിമാർക്കെതിരായ ഊമക്കത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്‍റെ നിർദേശാനുസരണം കൊച്ചി സിറ്റി പൊലീസ് കമീഷണറാണ് അന്വേഷണം നടത്തുക.
വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ചോർന്നെന്നും മറ്റും കാണിച്ച് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിന്റെയും ഹൈകോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് പരാമർശിച്ചുകൊണ്ടുള്ള ഊമക്കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയത് പുറത്തുവിട്ടതിന് പിന്നിലെ ദുരൂഹതയാണ് അന്വേഷിക്കുക.
ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, എക്സിക്യൂട്ടവ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ ലഭിച്ച ഊമക്കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി.
ഊമക്കത്തുകൾക്ക് നിയമപരമായി വിശ്വാസ്യതയില്ലെന്നും വ്യക്തികളെ അധിക്ഷേപിക്കുന്ന ഇത്തരം കത്തുകൾക്ക് തുടർനടപടി സാധ്യമല്ലെന്ന് അറിയുന്നവർ ലഭിച്ച കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതിന് പിന്നിൽ ദുരൂഹതയുണ്ട്. അതുകൊണ്ട് പൊലീസിന്റെ അന്വേഷണം ആവശ്യമാണെന്നാണ് അഭിഭാഷകൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
നിയമപരമായി നിലനിൽക്കാത്ത ഊമക്കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി തുടർനടപടി വേണമെന്ന ആവശ്യപ്പെടലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് ആസ്ഥാനത്തേക്ക് കൈമാറുകയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

