നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈകോടതി. ജില്ല ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് റിപ്പോർട്ട് തേടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
നേരത്തേ നടിയെ ആക്രമിച്ച കേസിലെ വിചാരണ നീണ്ടുപോവുകയാണെന്ന് കാണിച്ച് ഹൈകോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു. അത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നീക്കം. കേസിലെ ഒന്നാംപ്രതിയായ പൾസർ സുനി ഏഴുമാസത്തെ ജയിൽവാസത്തിന് ശേഷം 2024 സെപ്റ്റംബറിൽ ജാമ്യത്തിലിറങ്ങിയിരുന്നു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നടൻ ദിലീപ് അടക്കം ഒമ്പതുപേരെ പ്രതിചേർത്തിരുന്നു. കേസിലെ എട്ടാംപ്രതിയാണ് ദിലീപ്. രണ്ടുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ കേസിൽ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളിയിരുന്നു. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും ഈ ഹരജി ഒരുപോലെ തള്ളുകയായിരുന്നു. കേസിൽ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന അതിജീവിതയുടെ ഹരജിയും കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

