നടിയെ ആക്രമിച്ച കേസ്: നിർണായകം, വിധി പ്രസ്താവിക്കുന്ന ദിവസം ഇന്നറിയാം
text_fieldsകൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിക്കും. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ കേസ് അന്തിമഘട്ടത്തിലാണ്. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണ്. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും. ഈ മാസം തന്നെ നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന.
നീണ്ട വർഷങ്ങളെടുത്ത സാക്ഷിവിസ്താരത്തിനും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കേരളം ഉറ്റുനോക്കുന്ന കേസ് വിധി പറയാനായി ഒരുങ്ങുന്നത്.
ഈ മാസം 20 ന് കേസ് കോടതി പരിഗണിച്ചിരുന്നു. അന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ കേസെടുത്തതതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവർ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹരജി തള്ളുകയായിരുന്നു.
മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചിരുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത്. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

