നടിയെ ആക്രമിച്ച കേസ്: സാഗറിനെ ചോദ്യംചെയ്തു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യിലെ ജീവനക്കാരനായിരുന്നു സാഗർ, പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു.പിന്നീട് മൊഴിമാറ്റി.
കേസിലെ മുഖ്യപ്രതി പൾസർ സുനി 'ലക്ഷ്യ'യിലെത്തി ഒരു കവർ കൊടുക്കുന്നത് കണ്ടിരുന്നുവെന്ന മൊഴിയാണ് മാറ്റിപ്പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നിരുന്നു. ആലപ്പുഴയിലെ ഒരു ഹോട്ടലിൽ എത്തിച്ച് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് സാഗർ ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും ഇത് തള്ളിയിരുന്നു.

