Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനെ പിന്തുണച്ച്...

ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതി​യെ തള്ളിപ്പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം, അതിജീവിതക്ക് നീതി കിട്ടിയില്ല’

text_fields
bookmark_border
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതി​യെ തള്ളിപ്പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം, അതിജീവിതക്ക് നീതി കിട്ടിയില്ല’
cancel

അടൂർ: നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനായ ദിലീപി​നെ ന്യായീകരിച്ച് വെട്ടിലായ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മലക്കംമറിഞ്ഞു. നേരത്തെ പോളിങ് ബൂത്തിൽനിന്ന് പറഞ്ഞതിന്റെ ചിലഭാഗങ്ങൾ മാത്രം സംപ്രേഷണം ചെയ്തത് കൊണ്ടാണ് ദിലീപിനെ ന്യായീകരിച്ചതായി എല്ലാവർക്കും തോന്നുവാൻ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. നീതിന്യായ കോടതിയിൽനിന്ന് ഒരു വിധി ഉണ്ടാകുമ്പോൾ ആ കോടതി​യെ തള്ളിപ്പറയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് ഞാൻ പറഞ്ഞത്.

നീതികിട്ടാനുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് ഗവൺമെന്റ് ഉരുണ്ടുകളിക്കേണ്ട ആവശ്യമില്ല. ഉരുണ്ടുകളിച്ച് എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാൻ ഇവർ തയാറാക്കിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസും യു.ഡി.എഫും അതിജീവിതക്ക് ​ഒപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റും ​യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളും എല്ലാം വ്യക്തമാക്കിയതാണ്. എന്നോട് ചോദിച്ചപ്പോഴും ഞാൻ ഇതുതന്നെയാണ് പറഞ്ഞത്.

ലാവ്‍ലിൻ കേസ് എന്തുകൊണ്ടാണ് ഇങ്ങനെ നീണ്ടുനീണ്ടുപോകുന്നത്? 40ലേറെ തവണ ഇത് നീട്ടിവെച്ചു. അപ്പീൽ പോകുന്നതിലൂ​ടെ സർക്കാർ കള്ളക്കളി നടത്തുകയാണ്. അപ്പീലിലൂ​ടെ അതിജീവിതകൾക്ക് നീതി കിട്ടുന്നുണ്ടോ? ഇപ്പോൾ കുറേ ആളുകളെ ശിക്ഷിച്ചു, ദിലീപിനെ ഒഴിവാക്കി. അതേക്കുറിച്ചുള്ള അഭിപ്രായമാണ് ഞാൻ പറഞ്ഞത്.

അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് വളച്ചൊടിച്ചതാണ്. ഞാൻപറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം നല്ല ബോധ്യമുള്ള കാര്യമാണ്. അതിജീവിതക്ക് ഒപ്പമാണ് എന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പീൽ പോകണോ വേ​ണ്ടേ എന്നത് അടൂർ പ്രകാശോ യു.ഡി.എഫോ അല്ല തീരുമാനിക്കുന്നത്. അപ്പീൽ പോകുന്നവർ പോകട്ടെ. ദിലീപുമായി വ്യക്തിപരമായി ബന്ധമുണ്ട്. അങ്ങനെ എല്ലാവർക്കും പലരുമായി ബന്ധം കാണും’ -അടൂർ പ്രകാശ് പറഞ്ഞു.

നേരത്തെ പറഞ്ഞത് ദിലീപിന് നീതി ലഭിച്ചെന്ന്

ദിലീപിന് നീതി ലഭ്യമായെന്നും അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വ്യക്തി കൂടിയാണ് താനെന്നുമാണ് നേരത്തെ അടൂർ പ്രകാശ് പറഞ്ഞത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു​ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘നടി എന്ന നിലയിൽ ആ കു​ട്ടിയോടൊക്കെ ഒപ്പമാണ് നമ്മൾ എന്ന് എല്ലാവരും പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണം. ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായിട്ടുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാൻ. തീർച്ചയായും ദിലീപിനെ സംബന്ധിച്ചിടത്തോളം കോടതിയിൽനിന്ന് നീതി ലഭ്യമായി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്തിൽ കുറേ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലെ ഈ വിധി വന്നപ്പോൾ എനിക്കും അങ്ങനെയൊക്കെ തോന്നി. സർക്കാറിന് വേ​റെ ഒരു ജോലിയുമില്ലാത്തതിനാൽ അപ്പീൽ പോകുമല്ലോ. ഏതുവിധത്തിലും ആരെ​യൊക്കെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിത്’ -അടൂർ പ്രകാശ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്കൊടുവിൽ ഇന്നലെയാണ് നടൻ ദിലീപിനെ കുറ്റമുക്തനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്. ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, മറ്റു മൂന്നുപേരെയും വിട്ടയച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന മുഖവുരയോടെയാണ് വിധിപ്രഖ്യാപനം. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു.

ഒന്നുമുതൽ ആറുവരെ പ്രതികളായ എറണാകുളം വേങ്ങൂർ വെസ്റ്റ് എളമ്പകപ്പിള്ളി നെടുവിലെക്കുടി വീട്ടിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (37), തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് പുതുശേരി വീട്ടിൽ മാർട്ടിൻ ആന്‍റണി (33), എറണാകുളം തമ്മനം എ.കെ.ജി നഗർ മണപ്പാട്ടിപറമ്പിൽ വീട്ടിൽ ബി. മണികണ്ഠൻ (36), കണ്ണൂർ തലശ്ശേരി പൊന്ന്യം ചുണ്ടകപൊയ്യിൽ മംഗലശേരി വീട്ടിൽ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി കുന്നുംപുറം പളിക്കപ്പറമ്പിൽ വീട്ടിൽ എച്ച്. സലിം എന്ന വടിവാൾ സലിം (29), പത്തനംതിട്ട തിരുവല്ല ചാത്തൻകിരി പഴയനിലത്തിൽ വീട്ടിൽ പ്രദീപ് (31) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

നടൻ ദിലീപ് എന്ന പി. ഗോപാലകൃഷ്ണനെ കൂടാതെ വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്‍റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്. കുറ്റവാളികളായി കണ്ടെത്തിയ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റി. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന നടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor prakashActress Attack CaseDileepKerala News
News Summary - actress attack case: adoor prakash criticized for supporting Dileep
Next Story