Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമണ കേസിന്റെ...

നടി ആക്രമണ കേസിന്റെ പ്രത്യേകത

text_fields
bookmark_border
നടി ആക്രമണ കേസിന്റെ പ്രത്യേകത
cancel

ഈ കേസ് ഒരു വ്യക്തിയുടെ ദാരുണാനുഭവം മാത്രമല്ല; പ്രോസിക്യൂഷന്റെ തന്നെ വാദപ്രകാരം, പണവും പ്രശസ്തിയും ബന്ധങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും ചേർന്നു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന, അപൂർവത്തിൽ അപൂർവമായ ക്രിമിനൽ മാതൃകയാണെന്ന് പറയേണ്ടിവരും.

പീഡിപ്പിക്കാനും അതിന്റെ വിഡിയോ നിർമിക്കാനും പ്രത്യേകം ക്വട്ടേഷൻ നൽകിയെന്ന് ആരോപിച്ചുള്ള, ഇങ്ങനെയൊന്ന് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് നിയമ നിരീക്ഷകരും സ്ത്രീപക്ഷ പ്രവര്‍ത്തകരും നിരീക്ഷിക്കുന്ന നടി ആക്രമണ കേസിൽ ഒടുവിൽ വിധിയായിരിക്കുന്നു. കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, നടൻ ദിലീപ് ഉൾപ്പെടെയുള്ള മറ്റു പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ‘അപൂർവങ്ങളിൽ അപൂർവം’ ആയതെന്ന നിലയിൽ കോടതി പ്രത്യേക ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അഭിപ്രായമുയർന്ന കേസ്, മൊഴിമാറ്റമുൾപ്പെടെ ഏറെ നാടകീയതകൾക്കും സാക്ഷ്യം വഹിച്ചു. 2017 ഫെബ്രുവരി 17ന്, കൊച്ചിക്ക് സമീപം പ്രമുഖ നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗിക അതിക്രമം നടത്തുകയും അത് വിഡിയോയിൽ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. കേസിൽ നടൻ ദിലീപ് ക്രിമിനൽ ഗൂഢാലോചനക്ക് അറസ്റ്റിലായി, 85 ദിവസം ജയിലിൽ കഴിയുകയുമുണ്ടായി. എന്നാൽ പിന്നീട്, കുറ്റാരോപിതനായ നടൻ വീണ്ടും സജീവമാകുകയും, അതിജീവത കോടതികളിലും മൊഴിപീഠങ്ങളിലും, നിയമത്തിന്റെ പേരിലുള്ള തുടർച്ചയായ മാനസിക പീഡനത്തിന്റെയും നാണക്കേടിന്റെയും ഭാരമേറ്റുനിൽക്കേണ്ടിവന്നതും സമൂഹത്തിൽ നിന്നും അകറ്റപ്പെടുകയും ചെയ്തതിനും കേരളം സാക്ഷിയായി.

വെറുമൊരു കുറ്റകൃത്യമല്ല

ഈ കേസ് സാധാരണമായൊരു ലൈംഗികാതിക്രമ കുറ്റകൃത്യമായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ല. തനിക്കു നടിയോടുള്ള വൈരാഗ്യം മൂലം അവരെ ശിക്ഷിക്കാനും അപമാനിക്കാനുമായി, ഒന്നാം പ്രതി പൾസർ സുനിക്കും സംഘത്തിനും, കുറ്റാരോപിതനായ നടൻ തന്റെ കൈകൊണ്ട് ‘ക്വട്ടേഷൻ’ നൽകി ആക്രമണം സംഘടിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതിനായി ഏകദേശം ഒന്നര കോടി രൂപയുടെ കരാർ നൽകിയെന്നും അഞ്ച് സ്ഥലങ്ങളിൽവെച്ച് കുറ്റകൃത്യം നടപ്പാക്കാനായി ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു. രാജ്യത്ത് ഇത്തരമൊരു കേസ് കേട്ടിട്ടില്ലാത്തതിനാൽ തന്നെ, ‘അപൂർവങ്ങളിൽ അപൂർവം’ ആയി പരിഗണിക്കണമെന്ന് തുടക്കം തൊട്ടേ വാദമുയർന്നതാണ്.

സംശയാസ്പദ നാൾവഴികൾ

ദിലീപും പൾസർ സുനിയും തമ്മിൽ അഞ്ച് സ്ഥലങ്ങളിൽ കണ്ടുമുട്ടിയതായാണ് പൊലീസ് പറയുന്നത്. അവിടെതന്നെയാണ് തട്ടിക്കൊണ്ടുപോകലും ആക്രമണവും, അതിന്റെ വിഡിയോ പകർത്തലും തുടങ്ങി നിര്‍ണായക തീരുമാനങ്ങൾ രൂപപ്പെട്ടതെന്നാണ് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നത്. ഈ യോഗങ്ങളുടെ ദിവസങ്ങളിൽ ഇരുവരുടെയും ഫോൺ ടവർ ലൊക്കേഷനുകൾ ഒത്തുവന്നുവെന്ന ഫോൺ റെക്കോഡുകൾ, ദിലീപിന്റെ പേരിൽ എടുത്ത ഹോട്ടൽ മുറികളുടെ രേഖകൾ, മുഖ്യപ്രതി എഴുതിയ ഭീഷണിക്കത്തും, ദിലീപിന്റെ സുഹൃത്ത് നാദിർഷക്കും ഡ്രൈവർ അപ്പുണ്ണിക്കും വന്ന പണമാവശ്യപ്പെട്ട സന്ദേശങ്ങളുമെല്ലാം ചേരുമ്പോൾ ‘ക്വട്ടേഷൻ’ എന്ന ഗൂഢാലോചന കണ്ടെത്തലിന് അടിത്തറയായി പ്രോസിക്യൂഷൻ കണക്കുകൂട്ടി. പക്ഷേ, വിധിയിലത് പരിഗണിക്കപ്പെട്ടില്ല എന്നു കരുതേണ്ടിവരും.

കേസിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ നിയന്ത്രിക്കാൻ ദിലീപ് നേടിയെടുത്ത ‘ഗാഗ് ഓർഡർ’ മറ്റൊരു വിവാദമായി മാറിയിരുന്നു. ഗാഗ് ലംഘനം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ച സാഹചര്യത്തിൽ, NWMI ഉൾപ്പെടെയുള്ള സംഘടനകളും എഴുത്തുകാരികളും, ഇത്തരം ഉത്തരവുകൾ പലപ്പോഴും അതിജീവിതകളെ കൂടുതൽ ഒറ്റപ്പെടുത്തുകയും, പ്രതിക്ക് അനാവശ്യ സംരക്ഷണം ഒരുക്കുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നൽകി രംഗത്തുവന്നു. ഇത് WCCയുടെ രൂപവത്കരണവും ‘അവൾക്കൊപ്പം’ കാമ്പയിനും തുടങ്ങാൻ കാരണമാവുകയും ചെയ്തിരുന്നു. പിന്നീട് സിനിമാ രംഗത്തെ ലിംഗനീതിയുടെയും അധികാര പീഡനത്തിനെതിരെയും തിരിഞ്ഞ വലിയ കുന്തമുനയായി ഈ കേസ് മാറി.

കോടതി ഇടപെടലിൽ വിമർശം

കേസിന്റെ പല ഘട്ടങ്ങളിലായി ഉണ്ടായ കോടതിയുടെ ഇടപെടലുകൾ നടന് അനുകൂലമായി നടക്കുന്നു എന്ന ആക്ഷേപവും ഇതിനിടെ വന്നു. അതിജീവതയുടെ അഭിഭാഷകയും മറ്റ് പലരും ഇത് പരസ്യമായിത്തന്നെ പറയുകയുണ്ടായി. കേസിലെ ജഡ്ജി ഹണി എം. വർഗീസിന്റെ പെരുമാറ്റത്തെയും, പ്രത്യേകിച്ച് മെമ്മറി കാർഡിൽ തിരിമറി നടന്നതുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് രഹസ്യമാക്കിവെച്ചതിനെയും ചൊല്ലി അതിജീവിത ഹൈകോടതിയെ സമീപിച്ചതും നിരസിക്കപ്പെട്ടു.

കോടതി സംരക്ഷണയിലുള്ള കാർഡിന്റെ സീരിയൽ നമ്പർ മാറിയതും, ഫോറൻസിക് റിപ്പോർട്ടിലെ ഹാഷ് മൂല്യ മാറ്റം, കാർഡ് വിവിധ കോടതികളിലേക്കും ലാബുകളിലേക്കും സഞ്ചരിക്കുന്ന ഇടയിൽ മജിസ്ട്രേറ്റ് ലീന റഷീദ്, സീനിയർ ക്ലർക്ക് മഹേഷ് മോഹൻ, കോടതി ജോലിക്കാരൻ താജുദ്ദീൻ എന്നിവർ കാർഡ് തുറന്നുവെന്ന ആരോപണങ്ങളും, പ്രതിയുടെ സഹോദരനും മറ്റു പല കോടതി ജീവനക്കാരും വിഡിയോ കണ്ടതായി ഉയർന്ന സൂചനകളുമെല്ലാം അതിജീവിതയുടെ സ്വകാര്യതയെ വീണ്ടും നിശ്ശേഷം തകർത്ത സംഭവങ്ങളായി.

എന്നാൽ, ഇതിൽ ഒരു എഫ്‌.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ കോടതി തയാറായില്ല. വിചാരണ നടക്കുന്നതിനിടെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശനും തുടർന്ന് വന്ന മുൻ സി.ബി.ഐ പ്രോസിക്യൂട്ടർ അനിൽകുമാറും ‘പ്രതികൂല അന്തരീക്ഷം’ ചൂണ്ടിക്കാട്ടി രാജിവെച്ചതും ആക്രമിക്കപ്പെട്ട നടിയുടെ വാദങ്ങൾക്ക് ശക്തി പകരുന്നതുമായി. ഇതിനുപുറമെയായിരുന്നു, നടിയെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടതായി മുൻ സുഹൃത്ത് ബാലചന്ദ്രകുമാറിന്റെ മൊഴി വന്നതും. ഇതിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. അതായത്, ഒറിജിനൽ കേസിനൊപ്പം, അതിനെ അന്വേഷണ ഘട്ടത്തിൽ തകർക്കാനുള്ള ഗൂഢാലോചനയുടെ പേരിൽ മറ്റൊരു കേസ് കൂടി വന്നു.

ഇതെന്തൊരു മാതൃക?

ഈ കേസ് ഒരു വ്യക്തിയുടെ ദാരുണാനുഭവം മാത്രമല്ല; പ്രോസിക്യൂഷന്റെ തന്നെ വാദപ്രകാരം, പണവും പ്രശസ്തിയും ബന്ധങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും ചേർന്നു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന, അപൂർവത്തിൽ അപൂർവമായ ക്രിമിനൽ മാതൃകയാണെന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെ, സംശയാസ്പദമായ അവസരങ്ങൾ സൃഷ്ടിക്കാതെ ഈ കേസ് ഏറെ സുതാര്യമായും കടുത്ത മാനദണ്ഡങ്ങളോടെയും കൈകാര്യം ചെയ്തിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോവുകയാണ്. അങ്ങനെയായിരുന്നുവെങ്കിൽ, അതിജീവിതക്ക് നൽകുന്ന നീതിയേക്കാൾ, പ്രതികൾ ശക്തരാണെങ്കിൽ ഭയക്കാതെ ശബ്ദമുയർത്താൻ അതിജീവിതകൾക്ക് കരുത്തുപകരുന്ന ഒരു കേസാകുമായിരുന്നു നടി ആക്രമണ കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsActress Attack CaseDileepLatest News
News Summary - actress attack case
Next Story