ദിലീപിനെ തുണച്ചത് സംശയത്തിലൊതുങ്ങിയ തെളിവുകൾ
text_fieldsസിനിമ മേഖലയിൽ നിന്നുള്ളവർ നൽകിയ മൊഴികൾ വഴിയായിരുന്നു ദിലീപിനെതിരായ കേസിൽ പൊലീസ് മുന്നോട്ടുപോയത്; എന്നാൽ, ഇവരിലേറെ പേരും വിചാരണ വേളയിൽ മൊഴിമാറ്റിയത് ദിലീപിന് രക്ഷയുമായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിവരം പുറത്തായതോടെ സംശയ മുൾമുനയിൽ തന്നെയായിരുന്നു ദിലീപ് എന്ന സൂപ്പർ സ്റ്റാർ. തന്‍റെ കുടുംബം തകരാൻ നടി കാരണക്കാരിയാണെന്ന തോന്നൽ ദിലീപിന് ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിലൂടെയാണ് അന്വേഷണം ദിലീപിനെതിരെ തിരിഞ്ഞത്. സിനിമ മേഖലയുമായി ബന്ധപ്പെട്ടവർ നൽകിയ മൊഴികൾ ഇക്കാര്യത്തിൽ പൊലീസിന് കൂടുതൽ തുണയായി. എന്നാൽ, ഇവരിലേറെ പേരും വിചാരണ വേളയിൽ മൊഴിമാറ്റിയത് കേസിൽ ദിലീപിന് രക്ഷയുമായി.
പണത്തിനുവേണ്ടി താൻ ചെയ്തതാണെന്നും 50 ലക്ഷത്തിന്‍റെ ക്വട്ടേഷനാണ് നടിക്കെതിരായ ആക്രമണമെന്നുമുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തലിലൂടെയാണ് അന്വേഷണത്തിൽ പൊലീസ് മുന്നോട്ട് പോയത്. സുനിയുടെ സഹ തടവുകാരനായിരുന്ന ജിൻസൺ, സുനി പറഞ്ഞതാണെന്ന പേരിൽ സംഭവത്തിൽ ദിലീപിന്‍റെ പങ്കാളിത്തം വെളിപ്പെടുത്തുന്ന മൊഴിയാണ് നൽകിയത്. സുനിയുമായി ബന്ധമില്ലെന്ന് ദിലീപ് ആവർത്തിച്ചു പറഞ്ഞിരുന്നു.
ഇതിനിടയിലാണ് ‘ജോർജേട്ടൻസ് പൂര’ത്തിന്‍റെ ഷൂട്ടിങ് സെറ്റിൽ സുനി ഏറെ നേരം ചെലവഴിച്ചതിന്‍റെ ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തത്. ദിലീപിന് എഴുതിയ കത്തിൽ ‘ദിലീപേട്ടാ’ എന്നു പറഞ്ഞാണ് സുനി തുടങ്ങിയിരുന്നത്. ഇരുവരുടെയും അടുപ്പം വ്യക്തമാക്കുന്നതായി ഇത് വിലയിരുത്തപ്പെട്ടു. ഷൂട്ടിങ് ലൊക്കേഷനുകളിൽ കണ്ടുമുട്ടുന്നതും ഒന്നിച്ചുനിൽക്കുന്നതും ഗൂഢാലോചനക്ക് തെളിവല്ലെന്ന വാദമാണ് ദിലീപ് ഉന്നയിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിന്‍റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പിന്നീട് കേസിൽ വഴിത്തിരിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

