നാടകാന്തം സിനിമ ! നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് എറണാകുളം ജില്ല സെഷൻസ് കോടതി
text_fieldsകൊച്ചി: സസ്പെൻസ് ത്രില്ലറിനെ വെല്ലുന്ന ഒന്നാംപകുതിയും ‘നായകന്‍റെ വിജയം’ ആഘോഷിക്കുന്ന രണ്ടാംപകുതിയും അടങ്ങിയ സിനിമപോലെയായിരുന്നു നടിയെ ആക്രമിച്ച കേസ് വിധി പറഞ്ഞ എറണാകുളം ജില്ല സെഷൻസ് കോടതി പരിസരം. രാവിലെ 11നാണ് കോടതി നടപടി ആരംഭിച്ചതെങ്കിലും അതിരാവിലെ മുതൽ കൊച്ചി പാർക്ക് അവന്യൂ റോഡിൽ എറണാകുളം മഹാരാജാസ് കോളജിനോട് ചേർന്ന കോടതി വളപ്പിലേക്ക് ആൾ എത്തിത്തുടങ്ങി.
നടൻ ദിലീപ് ഉൾപ്പെടെ മുഴുവൻ പ്രതികളും അഭിഭാഷകരും പബ്ലിക് പ്രോസിക്യൂട്ടറും മാധ്യമപ്പടയും ദിലീപ് ആരാധകരുമുൾപ്പെടെ എല്ലാവരും സമയത്തിനുമുമ്പേ എത്തിയിരുന്നു. രാവിലെ ഒമ്പതോടെതന്നെ കോടതിവളപ്പിൽ ആൾ തിങ്ങിക്കൂടി. കൃത്യം 9.45നാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് കോടതിയിലേക്കെത്തിയത്. വൈകാതെ അഭിഭാഷകർ, പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയവർ വന്നുതുടങ്ങി. 10.27നാണ് എട്ടാംപ്രതിയായ ദിലീപ് കിഴക്കേ കവാടത്തിലൂടെ വെളുത്ത ഇന്നോവ കാറിൽ എത്തിയത്. വെള്ള ഷർട്ടും കറുത്ത പാന്‍റ്സുമായിരുന്നു വേഷം. വൈകാതെ മുഖ്യപ്രതി പൾസർ സുനിയും മറ്റുള്ളവരും അകത്തേക്ക് കയറി.
ആർപ്പുവിളിയോടെ ആരാധകർ
ഒന്നുമുതൽ ആറുവരെ പ്രതികളാണ് കുറ്റക്കാരെന്നും ദിലീപിനെ കുറ്റമുക്തനാക്കിയെന്നും 11.03ന് ആദ്യവിവരം പുറത്തുവന്നപ്പോൾതന്നെ പുറത്ത് തടിച്ചുകൂടിയ ആരാധകരുടെ ആഹ്ലാദം അണപൊട്ടി. കൈയടിച്ചും കൂവിവിളിച്ചും അവർ സന്തോഷം പങ്കുവെച്ചു. മിനിറ്റുകൾക്കകം ആരാധക കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഡു വിതരണമായി. ദിലീപേട്ടൻ ജയിച്ചെന്ന് ആർത്തുവിളിക്കുകയായിരുന്നു പലരും. എന്നാൽ, നടിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷിച്ചവരുടെ മുഖം നിരാശാജനകമായിരുന്നു. ദിലീപിന്‍റെ ആരാധകക്കൂട്ടമായിരുന്നു ഏറെയെങ്കിലും നടിക്കുവേണ്ടി നിലകൊണ്ട അഭിഭാഷകരും ആക്ടിവിസ്റ്റുകളുമെല്ലാം വിധിയറിയാൻ എത്തിയിരുന്നു.
കൈവീശിയും കൈകൂപ്പിയും പുറത്തേക്ക്
വിധി പ്രഖ്യാപിച്ച് ആഘോഷപ്രകടനം നടത്തിയെങ്കിലും ആരാധകർ കാത്തിരുന്നത് ദിലീപിന്‍റെ വരവിനുവേണ്ടിയായിരുന്നു. 11.18ഓടെ കോടതിയുടെ പടവുകളിറങ്ങി സിനിമ സ്റ്റൈലിൽ ദിലീപ് പുറത്തേക്ക്. ഇതോടെ കോടതി മതിലിനുചുറ്റും നിലയുറപ്പിച്ച ആരാധകക്കൂട്ടം ഉച്ചത്തിൽ ‘ദിലീപേട്ടാ’ എന്നുവിളിയായി. എല്ലാവരെയും നോക്കി കൈവീശിയും കൈകൂപ്പിയും മുന്നോട്ടുനീങ്ങി. ഇതിനിടെ ഒപ്പംവന്ന അഭിഭാഷകരുൾപ്പെടെ സെൽഫിയെടുക്കാനും മത്സരിച്ചു.
കാമറ കണ്ണുകളും മൊബൈൽ ഫോണുകളുമെല്ലാം നടനുനേരെയായിരുന്നു. ആരാധകർക്കുനേരെ നോക്കി ‘താങ്ക്യൂ’ പറഞ്ഞ ദിലീപ് കോടതി ഗേറ്റിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

