നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി ജഡ്ജിയെ മാറ്റാൻ നിവേദനം നൽകും
text_fieldsടൗൺഹാളിൽ നടന്ന ‘നമ്മൾ അതിജീവിതക്കൊപ്പം’ പരിപാടിയിൽ അതിജീവിതമാരുടെ
പോരാട്ടങ്ങൾക്കൊപ്പം നില്ക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവർ
കോഴിക്കോട്: 'നമ്മൾ അതിജീവിതക്കൊപ്പ'മെന്ന് ഉറക്കെ പ്രഖ്യാപിച്ച് കോഴിക്കോട്ടെ സാമൂഹിക -സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി ജഡ്ജിയെ മാറ്റാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കാൻ കൂട്ടായ്മ തീരുമാനിച്ചു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്ന് വിളിച്ചുപറഞ്ഞാൽപോര, അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് പ്രഫ. കുസുമം ജോസഫ് അഭിപ്രായപ്പെട്ടു.കേസിന്‍റെ വിചാരണവേളയിൽ 13 ദിവസത്തോളം നടി ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു. ഭയാനകമായ ആ ദിവസങ്ങൾക്ക് ശേഷമാണ് ഇരയിൽനിന്ന് താൻ അതിജീവിതയായി മാറിയതെന്ന് നടി പിന്നീട് പറഞ്ഞിട്ടുണ്ട്. അത്രയും ക്രൂരമായ വിചാരണയാണ് നടി നേരിട്ടതെന്ന് അഡ്വ. ടി.ബി. മിനി പറഞ്ഞു.
കെ. അജിത ആമുഖപ്രഭാഷണം നടത്തി. സുൽഫത്ത്, വിജി, ദീദി, ഗിരിജ പാർവതി, ബൈജു മേരിക്കുന്ന്, കെ. രജിത, മജ്നി എന്നിവർ സംസാരിച്ചു. അതിജീവിതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ടൗൺഹാളിൽ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
പി.എം. ഗീത പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പി. ശ്രീജ പ്രമേയം അവതരിപ്പിച്ചു.രേഖ ശരത് അവതരിപ്പിച്ച കഥക് നൃത്തം, നാടൻപാട്ട്, ട്രാൻസ് കമ്യൂണിറ്റി അവതരിപ്പിച്ച ഗ്രൂപ് ഡാൻസ്, കബനി അവതരിപ്പിച്ച 'ദ ഓഡിഷൻ' എന്ന നാടകവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

