കോടതി മാറ്റത്തിനെതിരായ നടിയുടെ ഹരജി തള്ളി; സുപ്രീം കോടതിയെ സമീപിക്കും
text_fieldsകൊച്ചി: നടി ആക്രമണ കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്ത് ഇരയായ നടി നൽകിയ ഹരജി ഹൈകോടതി തള്ളി. നടിയുടെ ആവശ്യപ്രകാരം അടച്ച കോടതിയിൽ രഹസ്യ വാദം നടത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹരജി തള്ളിയത്. എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിലാണ് നേരത്തേ വിചാരണ നടന്നിരുന്നത്. വിചാരണക്കോടതി മാറ്റത്തിനെതിരായ ഹരജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഇരയായ നടി സുപ്രീം കോടതിയെ സമീപിക്കും. രണ്ട് മൂന്ന് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് അഭിഭാഷകർ അറിയിച്ചു.
വിചാരണയുടെ തുടക്കം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നെങ്കിലും വനിത ജഡ്ജിയുടെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന അതിജീവിതയുടെ ഹരജിയെ തുടർന്ന് ഹൈകോടതിയാണ് കേസ് എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. തുടർന്ന് ജഡ്ജി ഹണി. എം. വർഗീസ് കേസ് പരിഗണിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ഇവർക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും അഡീ. സെഷൻസ് കോടതിയുടെ അധിക ചുമതല ഉണ്ടായിരുന്നതിനാൽ ഇതേ കോടതിയിൽ വാദം തുടർന്നു. എന്നാൽ, ഈ കോടതിയിലേക്ക് പുതിയ ജഡ്ജി വന്നതോടെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈകോടതി ഭരണവിഭാഗം ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചു. ഇത് നിയമപരമല്ലെന്നായിരുന്നു നടിയുടെ വാദം.
വിചാരണ കോടതി ജഡ്ജിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമുള്ള ആരോപണത്തിന് പുറമെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിന്മേൽ ജഡ്ജി നടപടി എടുത്തില്ലെന്നും ജഡ്ജിയുടെ ശത്രുതാപരമായ നിലപാടാണ് രണ്ട് സ്പെഷൽ പ്രോസിക്യൂട്ടർമാരുടെ രാജിക്ക് കാരണമായതെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.
എന്നാൽ, കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുന്നതിൽ അപാകതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിക്കെതിരായ വ്യക്തിപരമായ ആരോപണം ഹൈകോടതി തള്ളുകയും വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു.
കോടതി മാറ്റണമെന്ന ആവശ്യം പരിഗണിക്കുമ്പോൾ ഇരയുടെ ആശങ്കയും മാനസികാവസ്ഥയും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും ഈ ആശങ്കയിൽ കഴമ്പുണ്ടെന്ന് കോടതിക്കും ബോധ്യമാകേണ്ടതുണ്ട്. മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്ത് വിചാരണ സംബന്ധിച്ച് പരത്തിയ ആശങ്കയുടെ ഇരയാണ് ഹരജിക്കാരി എന്നാണ് മനസ്സിലാവുന്നത്. ദിലീപും ജഡ്ജിയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ സമർപ്പിച്ച ശബ്ദരേഖ പര്യാപ്തമല്ല. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം അന്വേഷിക്കേണ്ടതാണെങ്കിലും ജഡ്ജിയുടെ പക്ഷപാതപരമായ നിലപാട് തെളിയിക്കാൻ ഇതും പര്യാപ്തമല്ല.ശത്രുതാ മനോഭാവത്തോടെ പെരുമാറി എന്നതിന് വ്യക്തമായ തെളിവുമില്ല. അതിനാൽ, ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

