നടിയെ ആക്രമിച്ച കേസ്: കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന ഹരജിയിൽ വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടി
text_fieldsകൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമങ്ങൾ കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന നടൻ ദിലീപിന്റെ ഹരജിയിൽ വിശദീകരണത്തിന് ഹൈകോടതി സർക്കാറിന് കൂടുതൽ സമയം അനുവദിച്ചു. അച്ചടി, ദൃശ്യ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വാർത്തകളും വസ്തുതകളും പുറത്തുവിടുന്നതായി ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പരിഗണിച്ചത്.
ഹരജി പരിഗണിച്ച കോടതി ആരോപണം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിചാരണക്കോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിരുന്നു. ഇതനുസരിച്ച് റിപ്പോർട്ടർ ചാനലിനും എം.വി. നികേഷ് കുമാറിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ചൊവ്വാഴ്ച കേസ് പരിഗണിക്കവേ സർക്കാർ വ്യക്തമാക്കി. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു.

