നടിയെ ആക്രമിച്ച കേസ്: വിചാരണ ജനുവരി 31നകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. വിചാരണ ദൈനംദിനം നടത്തണമെന്നും എല്ലാ കക്ഷികളും വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് നാല് ആഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണക്ക് കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
നടിയെ ആക്രമിച്ച കേസ് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് എം.എം. സുന്ദരേശ് അഭിപ്രായപ്പെട്ടു. അതേസമയം, വിചാരണകോടതി ജഡ്ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണ്. വളരെ ഗൗരമേറിയ വിഷയമാണിതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ രഞ്ജീത് കുമാർ നിഷേധിച്ചു.
വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മറ്റെന്നാള്‍ ഹൈകോടതി പരിഗണിക്കുകയാണെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് സുപ്രീംകോടതിയെ അറിയിച്ചു. വിഷയം ഗൗരമേറിയതായതിനാല്‍ രഹസ്യവാദമാണ് കേൾക്കുന്നത്. അതിനാല്‍, പരമോന്നത കോടതി ഇക്കാര്യം കൂടി കണക്കിലെടുത്തേ ഉത്തരവിറക്കാവൂവെന്നും ആര്‍. ബസന്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

