നടി ആക്രമണക്കേസ്: മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നിവേദനം
text_fieldsകൊച്ചി: നടി ആക്രമണക്കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സാംസ്കാരിക പ്രവർത്തകരുടെ നിവേദനം. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും നീതിന്യായ സംവിധാനത്തിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി കെ. അജിത, സാറാ ജോസഫ്, കെ.ആർ. മീര, കെ.കെ. രമ എം.എൽ.എ തുടങ്ങി നൂറോളം പേരാണ് നിവേദനത്തിൽ ഒപ്പു വെച്ചിരിക്കുന്നത്.
കോടതിയിലിരിക്കെ മെമ്മറി കാർഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ല ജഡ്ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ല സെഷൻസ് കോടതി എന്നിവിടങ്ങളിൽവെച്ചാണ് പരിശോധന നടന്നത്.
ഈ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണെന്ന് നിവേദനത്തിൽ പറയുന്നു. നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയവരെ ഉടൻ സർവിസിൽനിന്ന് പുറത്താക്കുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും വേണം. ഇത്തരം രേഖകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

