നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ 28ന് വിധി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജൂൺ 28ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ ശനിയാഴ്ച പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയാൻ മാറ്റിയത്.
കേസിൽ ഹാജരാക്കിയ വോയ്സ് ക്ലിപ്പുകൾ റെക്കോഡ് ചെയ്ത തീയതി സ്ഥാപിക്കാൻ കഴിയുമായിരുന്നെങ്കിൽ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യവും പ്രതിയുടെ വീട്ടിൽ അത് റെക്കോഡ് ചെയ്തുവെന്ന അവകാശവാദവും സ്ഥാപിക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പെൻഡ്രൈവിലെ വിഡിയോ ക്ലിപ്പുകൾക്ക് പഴയ തീയതികളുണ്ടെന്നും എന്തുകൊണ്ടാണ് വോയിസ് ക്ലിപ്പുകൾ സൃഷ്ടിച്ച തീയതി സ്ഥാപിക്കാൻ കഴിയാത്തതെന്നും കോടതി ചോദിച്ചു.
എന്നാൽ, ഫോറൻസിക് റിപ്പോർട്ട് അന്തിമമല്ലെന്നും കൂടുതൽ പരിശോധന നടത്താമെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. അതിനിടെ ദിലീപ്, അനൂപ്, ശരത്, സൂരജ്, ഡോ. ഹൈദർ അലി എന്നിവരുടെ ശബ്ദ സാമ്പിൾ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ശനിയാഴ്ച കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഫോണുകൾ കൂടി ആവശ്യപ്പെട്ടും പ്രോസിക്യൂഷൻ അപേക്ഷ നൽകിയിട്ടുണ്ട്.

