ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെയാണ് നടന് ദിലീപ് സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരാകുമെന്നാണ് സൂചന.
നേരത്തെ, വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ഹര്‍ജി ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നെന്നാണ് പ്രോസിക്യൂഷന് ഹൈകോടതിയിൽ പരാതി ഉന്നയിച്ചത്. എന്നാൽ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെയും നടിയുടേയും ആവശ്യം കോടതി തള്ളിയത്.