നടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങൾക്ക് വിവരം നൽകുന്നതിന് വിലക്ക്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിന് ഹൈകോടതി വിലക്ക്. കോടതിയിൽ നൽകുന്ന അപേക്ഷകളിലെയും സത്യവാങ്മൂലങ്ങളിലെയും വിവരങ്ങൾ മാധ്യമങ്ങളുൾപ്പെടെ ആർക്കും നൽകരുതെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അന്വേഷണ സംഘം നൽകിയ ഹരജിയുടെ ഉത്തരവിലാണ് നിർദേശമുള്ളത്. അന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം കൂടി സമയം നൽകി ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്.
തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ നൽകിയ അപേക്ഷയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ നിർദേശമെന്ന് ഉത്തരവിൽ പറയുന്നു.

