നടി ആക്രമിക്കപ്പെട്ട കേസ്: അനൂപിനും സുരാജിനും വീണ്ടും നോട്ടീസ്
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ ഭാഗമായി നടൻ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11ന് ആലുവ പൊലീസ് ക്ലബിലാണ് ഹാജരാകേണ്ടത്.
പല തവണ ആവശ്യപ്പെട്ടിട്ടും ഇവർ ചോദ്യം ചെയ്യലിന് എത്തിയിട്ടില്ല. സ്ഥലത്തില്ലെന്ന് അഭിഭാഷകർ മുഖേന ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തുടർന്ന്, അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിച്ചെങ്കിലും ഹാജരായില്ല. ഇതിനുശേഷമാണ് വീണ്ടും നോട്ടീസ് നൽകിയത്.
അതേസമയം, കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ഉച്ചക്ക് രണ്ടിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ ഫോണിൽനിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കർ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് എന്ന് വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കേസിലെ അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിചാരണക്കോടതിയെ അറിയിക്കും.

