വനിത ജഡ്ജി വേണമെന്നില്ലെന്ന് നടിയും പ്രോസിക്യൂഷനും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ വനിത ജഡ്ജിതെന്ന വിചാരണ നടപടികൾ തുടരണമെന്ന് നിർബന്ധമില്ലെന്ന് സർക്കാറും നടിയും ഹൈകോടതിയിൽ. നടിയുടെ ക്രോസ് വിസ്താരം പൂർത്തിയായ സാഹചര്യത്തിലാണിത്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ നടിയും പ്രോസിക്യൂഷനും നൽകിയ ഹരജിയിലെ വാദത്തിനിടെയാണ് നിലപാട് അറിയിച്ചത്. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ ഹരജികൾ വിധി പറയാൻ മാറ്റി. വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് വെള്ളിയാഴ്ചവരെ നീട്ടുകയും ചെയ്തു.
എറണാകുളത്തെ അഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയിൽ (പ്രത്യേക സി.ബി.ഐ കോടതി) വനിത ജഡ്ജി മുമ്പാകെയാണ് വിചാരണ നടന്നിരുന്നത്. എന്നാൽ, കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നാരോപിച്ചാണ് സർക്കാറും നടിയും ഹൈകോടതിയെ സമീപിച്ചത്. കോടതി മാറ്റം അനുവദിച്ചില്ലെങ്കിൽ പ്രോസിക്യൂഷനു കേസ് തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇതു വിചാരണ സ്തംഭിപ്പിക്കുമെന്നും സർക്കാറിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ അഭിപ്രായപ്പെട്ടു. നടിയുടെ ക്രോസ് വിസ്താരം പൂർത്തിയാക്കാൻ 11 ദിവസമെടുത്തു. മിക്ക ദിവസങ്ങളിലും വൈകീട്ട് ഏഴുവരെ ഇത് നീണ്ടു. 19 അഭിഭാഷകർവരെ ഇൗ സമയം കോടതിയിലുണ്ടായിരുന്നു. രഹസ്യവിചാരണയുടെ ഉദ്ദേശ്യത്തെ തകർക്കുന്ന ഇൗ നടപടി കോടതി തടഞ്ഞില്ല.
ഇരയെ വിഷമിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് വനിത ജഡ്ജി വേണമെന്ന ആവശ്യം ഉന്നയിച്ചത്. പരിശോധന റിപ്പോർട്ടിനായി ലാബിലേക്ക് ജഡ്ജി നേരിട്ട് ഫോൺ ചെയ്തു. പ്രോസിക്യൂഷെൻറ അറിവില്ലാതെ രഹസ്യരേഖകൾ പ്രതിഭാഗത്തിനു കൈമാറി. കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള അപേക്ഷയടക്കം ഇതുവരെ പരിഗണിച്ചില്ല.
മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷെൻറ ആവശ്യം ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്താതെ ആവശ്യം തള്ളുകയാണ് ചെയ്തതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ക്രോസ് വിസ്താരത്തിനിടെ നേരിടേണ്ടിവന്ന അശ്ലീല ചോദ്യങ്ങൾ ബോധ്യപ്പെടുത്താൻ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം മുദ്രവെച്ച കവറിൽ കൈമാറി.
പ്രോസിക്യൂഷൻതന്നെ വിചാരണക്കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയതായി നടിയും പറഞ്ഞു. ക്രോസ് വിസ്താരവേളയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിർബന്ധിച്ചു. ഒാരോ ഘട്ടത്തിലും സമ്മർദം നേരിടേണ്ടിവന്നു. എന്നാൽ, കോടതി ഫലപ്രദമായി ഇതു തടഞ്ഞില്ല. കോടതിയുടെ നിലപാട് താൽപര്യമില്ലാത്ത തരത്തിലാണെന്ന് സാക്ഷികൾക്കെല്ലാം അഭിപ്രായമുണ്ട്. ഉപദ്രവിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ കോടതി അനുവദിച്ചത് പക്ഷപാതപരമാണ്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ തുറന്നുപറയാനാണ് വനിത ജഡ്ജിനെ ആവശ്യപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്നും നടി ബോധിപ്പിച്ചു.
കോടതിയും പ്രോസിക്യൂഷനും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഇൗഗോ അന്തിമമായി ബാധിക്കുന്നത് നീതിയെയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.