
‘മക്കൾക്കുവേണ്ടിയാണ് ജീവിക്കുന്നത്, കുട്ടികളുടെ അറിവില്ലായ്മ കൊണ്ടാണ് വിഡിയോ ചിത്രീകരിച്ചത്’; മകളുടെ പരാതിയിൽ വിശദീകരണവുമായി നടൻ വിജയകുമാർ
text_fieldsമകളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയകുമാർ. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് മകൾ അർഥന ബിനു സോഷ്യൽ മീഡിയയിൽ പറഞ്ഞത്. വിജയകുമാർ ഭീഷണിപ്പെടുത്തുന്ന വിഡിയോയും മകൾ പുറത്തുവിട്ടിരുന്നു. മുത്തശ്ശിയെയും സഹോദരിയെയും കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയതെന്നും വീടിന്റെ വാതിൽ പൂട്ടിയതിനാൽ ജനലിലൂടെയായിരുന്നു ഭീഷണിയെന്നും മകൾ പറയുന്നു. താൻ പറയുന്ന സിനിമകളിൽ മാത്രമേ മകൾ അഭിനയിക്കാവൂ എന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ സിനിമാഭിനയം നിർത്തിക്കുമെന്നും വിജയകുമാർ പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
ഇപ്പോൾ മകളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയകുമാർ. മക്കളുടെ കാര്യങ്ങൾ അന്വേഷിക്കാൻ പോയതാണെന്നാണ് നടൻ പറയുന്നത്. ഇളയമകളായ മീഗൽ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചതിനു ശേഷം ഫോൺ ചെയ്തിട്ട് ഭാര്യ ഫോൺ എടുത്തില്ല എന്ന് വിജയകുമാർ പറയുന്നു. മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയത്.
ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ, വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അർഥന കടന്നു വന്നതു കണ്ടപ്പോൾ അതിശയിച്ചു പോയെന്ന് വിജയകുമാർ പറയുന്നു. മകൾ കനഡയിൽ പഠിക്കാൻ പോയി എന്നാണ് ഭാര്യ തന്നെ ധരിപ്പിച്ചിരുന്നത്. മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർപ്പില്ല, പക്ഷേ അഭിനയിക്കാൻ പോകുന്നതിനു മുൻപ് തന്നോട് ചോദിച്ചാൽ ശരിതെറ്റുകൾ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും എന്നേ പറയാറുള്ളൂ.
മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും വിജയകുമാർ പറഞ്ഞു. ഈ ചെയ്തതിലൊന്നും വിരോധമില്ല, ഇതുകൊണ്ടൊന്നും പേടിച്ചോടില്ലെന്നും മക്കളുടെ കാര്യങ്ങൾ ഇനിയും അന്വേഷിക്കുമെന്നും അവർക്കു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും വിജയകുമാർ പറയുന്നു.
താനും ഭാര്യ ബിനുവുമായിട്ടുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്നും തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് വിജയകുമാറിന്‍റെ വാദം. എന്നാൽ വിജയകുമാറിൽ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയതായാണ് അർഥനയുടെ അമ്മ പറയുന്നത്. അമ്മക്കും സഹോദരിക്കും 85 വയസുള്ള മുത്തശ്ശിക്കുമൊപ്പമാണ് അർഥന താമസിക്കുന്നത്. നേരത്തേയും ഈ വീട്ടിൽ വിജയകുമാർ അതിക്രമിച്ചു കയറി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
