നടൻ ശ്രീനിവാസൻ അന്തരിച്ചു
text_fieldsകൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.
1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് ശ്രീനിവാസന്‍ അഭിനയ രംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സത്യൻ അന്തിക്കാട്, കമൽ എന്നിവരുമായി ചേർന്ന് ഒരുപാട് ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കി. പിന്നീട് സിനിമയുടെ വിവിധ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കൈവെച്ച മേഖലകളിലെല്ലാം സമാനതകളില്ലാത്ത കലാസൃഷ്ടികൾ മലയാളിക്ക് സമ്മാനിച്ചു.
സന്മസുളളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അഴകിയ രാവണൻ, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ഉദയനാണ് താരം, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, മഴയെത്തും മുമ്പേ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചിത്രമായ 'സന്ദേശം' കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്. ചിന്താവിഷ്ടയായ ശ്യാമള 1989ൽ മികച്ച
ചിത്രത്തിനുള്ള സംസ്ഥാന അവാർഡും 1998ൽ സാമൂഹ്യ പ്രാധാന്യ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. 1998ൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളക്ക് ലഭിച്ചു. 'കഥ പറയുമ്പോൾ' മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. 1991ൽ മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് 'സന്ദേശം' നേടി. ശ്രീനിവാസന്‍റെ തിരക്കഥയായ മഴയെത്തും മുമ്പേക്ക് 1995ൽ സംസ്ഥാന അവാർഡും ലഭിച്ചു.
വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

