നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
text_fieldsന്യൂഡൽഹി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് അഡ്വ. രഞ്ജിത രോഹ്തഗി മുഖേന സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ചത്.
രജിസ്ട്രി നടപടിക്രമം പൂർത്തിയാക്കി കേസ് നമ്പറിട്ടാൽ അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ വ്യാഴാഴ്ച ആവശ്യപ്പെടും. എന്നാൽ, സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പെ സംസ്ഥാന സർക്കാറും അതിജീവിതയും തടസ്സ ഹരജികളുമായെത്തി. സിദ്ദീഖ് മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകിയാൽ തങ്ങളെ കേൾക്കാതെ ഹരജി തീർപ്പാക്കരുതെന്ന് സർക്കാറും അതിജീവിതയും തടസ്സ ഹരജികളിൽ ബോധിപ്പിച്ചു.
സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കോടതിവിധിക്ക് പിന്നാലെയാണ് ഫോൺ ഓഫ് ചെയ്ത് നടൻ ഒളിവിൽ പോയത്. വിമാനമാർഗം രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന് പുറമേ കൊച്ചി സിറ്റി പൊലീസും എറണാകുളം റൂറൽ പൊലീസും സ്പെഷൽ ബ്രാഞ്ചും സിദ്ദീഖിനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതായാണ് വിവരം. കുട്ടമശേരിയിലെ വീടിനു മുന്നിൽ പൊലീസെത്തി വിവരം ശേഖരിച്ചിരുന്നു.
യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

