നടന്‍ ഒറ്റാല്‍ വാസവന്‍ നിര്യാതനായി
text_fieldsകോട്ടയം: ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ 'ഒറ്റാൽ' സിനിമയിലെ നായകനായിരുന്ന കുമരകം പുളിക്കൽ വീട്ടിൽ ഒറ്റാൽ വാസവൻ (കുമരകം വാസുദേവൻ -76) നിര്യാതനായി. രക്തസമ്മർദം വർധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
മികച്ച പരിസ്ഥിതി ചിത്രം, അവലംബിത തിരക്കഥ എന്നിവക്കുള്ള ദേശീയ അവാർഡ് നേടിയ 'ഒറ്റാലിൽ' താറാവ് കർഷകനായാണ് വാസവൻ വേഷമിട്ടത്. കുട്ടനാടിന്‍റെ ജീവിതനൊമ്പരങ്ങളുടെ കഥ പറഞ്ഞ സിനിമ ജയരാജാണ് സംവിധാനം ചെയ്തത്. ഒറ്റാലിലെ അഭിനയത്തിന് തെക്കന്‍ സ്റ്റാർ മീഡിയ അവാര്‍ഡും വാസവനെ തേടിയെത്തിയിരുന്നു. ജയരാജിന്‍റെ തന്നെ ഭയാനകം, കാറ്റിലൊരു പായ്കപ്പല്‍, മാ (ഷോര്‍ട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. ഇതിനുശേഷം അവസരങ്ങളൊന്നും തേടിയെത്തിയിരുന്നില്ല. നേരത്തേ ആന പാപ്പാനായിട്ടും ജോലി ചെയ്തിട്ടുണ്ട്.
മീൻ പിടിച്ച് ജീവിക്കാനായി ജയരാജ് ഇദ്ദേഹത്തിന് വള്ളം സമ്മാനിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇത് വിറ്റതും വലിയ വാർത്തയായിരുന്നു. മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ 'ഒറ്റാൽ' അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവര്‍ണ ചകോരം ഉള്‍പ്പെടെ നാല് അവാര്‍ഡ് നേടിയിരുന്നു.
ഭാര്യ: രജമ്മ. മക്കള്‍: ഷാജിലാല്‍, ഷീബ. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

