നടൻ മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ് വിൽ അംബാസിഡറാകും, പ്രതിഫലം വാങ്ങില്ല
text_fieldsതിരുവനന്തപുരം: നടൻ മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ്‌വിൽ അംബാസിഡറാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. താരം സമ്മതം അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ് വിൽ അംബാസഡറാകാൻ സമ്മതം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
മോഹൻലാൽ പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെ.എസ്.ആർ.ടി.സിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയാറായതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ചരിത്ര വരുമാന നേട്ടം കൂട്ടായ സഹകരണ പ്രവർത്തനത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ മികച്ച നേട്ടമായി ഇതിനെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടലിലേക്ക് പോയ കെ.എസ്.ആർ.ടി.സിയെ ഇടതു മുന്നണി സർക്കാർ തിരിച്ചു കൊണ്ടുവരികയാണ്.
ജനുവരി അഞ്ചിന് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയിരുന്നു. ഇതേക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ളത് 5,502 ബസുകളാണ്. അതിൽ ഇന്നലെ ഓടിയത് 4,852 ബസുകളാണ്. ശബരിമല സീസൺ ആയത് കൊണ്ടല്ല നേട്ടം. കെ.എസ്.ആർ.ടി.സി ഡെഡ് മൈലേജ് കുറച്ചു. ധനവകുപ്പിന്റെയും സർക്കാരിന്റെയും പൂർണ സഹായം ലഭിച്ചു. ഇടവഴിയിലും നടവഴിയിലും ബസ് ഓടിച്ചതിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് 800 ബസ് വേണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി 1,000 ബസ് ഓടിക്കും. നിലവിൽ ഒരു മണിക്കൂറിൽ 100 വണ്ടികൾ ശബരിമലയിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇത് ഗിന്നസ് നേട്ടമാണ്.
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിയാണ്. ഷെഡ്യൂൾ വരെ തീരുമാനിക്കുന്നത് എ.ഐ വിദ്യ കൊണ്ടാണ്. റൂട്ടുകൾ കൂടുതൽ ശാസ്ത്രീയമാക്കി. എ.ഐ സോഫ്റ്റ്‌വെയർ തന്റെ തലയിലെ ആശയമാണെന്നും അഭിമാനത്തോടെ അത് പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

