'അന്നൊരു ഒമ്നി വാനിലാണ് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്, ഇത്രയും വിലപിടിപ്പുള്ളത് ശബരിമല വരെ ഇങ്ങനെ കൊണ്ടുപോകുന്നത് സേഫ് ആണോയെന്ന് ചിന്തിച്ചിരുന്നു'; ജയറാം
text_fieldsചെന്നൈ: ശബരിമലയിലേക്ക് കൊണ്ടുപോകും വഴി ശ്രീകോവിലിന്‍റെ വാതിലും കട്ടിലപ്പടിയും തന്റെ വീട്ടിലെ പൂജ മുറിയിലും എത്തിച്ചിരുന്നതായി നടൻ ജയറാം. ചെന്നൈയിലെ അമ്പത്തൂരിലെ പൂജക്ക് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് തന്റെ വീട്ടിലെത്തിക്കാൻ ഭാഗ്യമുണ്ടായതെന്ന് നടൻ പറഞ്ഞു.
എന്നാൽ, അത് വീട്ടിൽ കൊണ്ടുവന്നത് ഒരു മാരുതി ഒമ്നി വാനിലാണെന്നും ഇങ്ങനെയുള്ള വിലപിടിപ്പുള്ള സാധനങ്ങളൊക്കെ ഇത്തരം വാഹനങ്ങളിൽ റോഡ് മാർഗം പോകുന്നത് സുരക്ഷിതാമാണോ എന്ന് അന്ന് ആലോചിച്ചിരുന്നെന്നും ജയറാം പറഞ്ഞു. ഇതൊക്കെ കൈകാര്യം ചെയ്ത് പരിചയമുള്ളവരായിരിക്കുമല്ലോ എന്ന് കരുതി കാര്യമാക്കിയില്ലെന്നും ജയറാം പറഞ്ഞു.
അതേസമയം, ജയറാമും ഗായകൻ വീരമണിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഉൾപ്പെടെ പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ദൃശ്യങ്ങളിൽ കാണുന്ന പൂജ ചെന്നൈയിലെ അമ്പത്തൂരിലെ ഒരു ഫാക്ടറിയിലാണ് നടന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതിനെ തുടർന്നാണ് അവിടെ പോയതെന്നും അതൊരു മഹാഭാഗ്യമാണെന്നും ജയറാം പറഞ്ഞു.
പൂജക്കായി തന്‍റെ കൈയില്‍ നിന്ന് ഒരുരൂപപോലും ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയിട്ടില്ലെന്നും വേറെ ആരെയെങ്കിലും പറ്റിച്ചോ എന്നറിയില്ലെന്നും അയ്യപ്പന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ജയറാം പറഞ്ഞു.
'ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ പരിചയമുള്ളതാണ്. ശബരിമലയിൽ പോകുമ്പോഴെല്ലാം കാണാറുമുണ്ട്. അങ്ങനെ ഇരിക്കെ അഞ്ചുവർഷം മുൻപാണെന്ന് തോന്നുന്നു, അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് വിളിച്ചു പറഞ്ഞു. അവിടെ ഒരു പൂജയുണ്ട്. വന്നാൽ സന്തോഷമെന്നും പറഞ്ഞു. വീരമണി രാജുവും ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് പൂജയിൽ പങ്കെടുക്കുന്നത്. നമ്മുടെ ജീവിതത്തിലെ മഹാഭാഗ്യമല്ലേ അയ്യപ്പന്റെ നടയിലേക്ക് പോകുന്നതിന് മുൻപ് കാണാൻ. അയ്യപ്പനായി തന്നൊരു ഭാഗ്യമായാണ് അന്നും ഇന്നും അതിനെ കാണുന്നത്.'- ജയറാം പറഞ്ഞു.
ജയറാമിന്റെ വീട്ടിൽ ഇത് എത്തിയിരുന്നോ എന്ന് ചോദ്യത്തിന് 'വീട്ടിൽ എത്തിയിരുന്നെങ്കിൽ മഹാഭാഗ്യമല്ലേ, എന്നാൽ, ദൃശ്യങ്ങളിൽ കാണുന്നത് അമ്പത്തൂരാണ്. അവിടെ ഒരു ഫാക്ടറിയുടെ മുൻവശത്തെ റൂമാണ്. നല്ല ഭംഗിയായാണ് അത് ചെയ്തിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി എന്തുണ്ടെങ്കിലും വിളിക്കാറുണ്ട്. മുൻപ് ചങ്ങനാശ്ശേരിക്കടുത്ത് ഒരു ക്ഷേത്രത്തിൽ നടവാതിൽ വെച്ച് നടത്തിയ പൂജയിലും പങ്കെടുത്തിട്ടുണ്ട്. അതിന് മുൻപ് ദ്വാരപാലക ശിൽപം ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപുള്ള ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
ഈ ചടങ്ങിന് ശേഷം ഞാൻ ആവശ്യപ്പെട്ടു. പോകുന്ന വഴിക്ക് എന്റെ വീടിന്റെ പൂജ മുറിയിലും വെക്കുമോയെന്ന്. അങ്ങനെയാണ് തന്റെ വീട്ടിൽ വന്ന് പൂജിച്ച് കൊണ്ടുപോയി. ഞാൻ വീരമണിയേയും കുറച്ച് പൂജാരികളേയും വീട്ടിലേക്ക് ക്ഷണിച്ചു. അവർ ചെറിയ ദക്ഷിണ കൊടുത്തു. മാരുതി ഒമ്നിയിലാണ് കൊണ്ടുവന്നത്. അതിൽ കൊണ്ടുപോകുന്നത് സേഫ് ആണോ എന്നൊരു സംശയം അന്ന് തോന്നിയിരുന്നത്. മറ്റൊന്നും തനിക്കറിയില്ല.' -ജയറാം പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ വലിയ ചടങ്ങുകള്‍ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തന്‍ കൂടിയായ നടന്‍ ജയറാം പങ്കെടുക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

