ജയറാം കൊട്ടിക്കയറി; പവിഴമല്ലിത്തറയിൽ പഞ്ചാരിയുടെ വസന്തം വിരിഞ്ഞു
text_fieldsതൃപ്പൂണിത്തുറ: ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 135 കലാകാരന്മാരുടെ മേള പ്രമാണിയായി നടൻ ജയറാം െകാട്ടിക്കയറിയപ്പോൾ പഞ്ചാരിയുടെ നാദവിസ്മയം ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞ കാണികളിൽ അമൃതവർഷമായി പെയ്തിറങ്ങി.
നവരാത്രി ആഘോഷങ്ങളുടെ എട്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ 8.45ന് ശീവേലി എഴുന്നള്ളിപ്പിനാണ് ജയറാമിെൻറ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ (ദേവിയെ ആദ്യം കണ്ട സ്ഥലമെന്ന് െഎതിഹ്യം) നാലാം തവണയാണ് ജയറാമിെൻറ പ്രമാണത്തിൽ പഞ്ചാരിമേളം നടത്തിയത്.
സിനിമ നടൻ മേള പ്രമാണിയായി നടത്തിയ പഞ്ചാരിമേളം കാണാൻ സ്ത്രീകളടക്കം വൻ ജനാവലിയാണ് എത്തിയത്. കിഴേക്ക നടപ്പുരയിൽ ശീവേലി എഴുന്നള്ളിപ്പ് തുടങ്ങിയതോടെ പവിഴമല്ലിത്തറയുടെ ഭാഗത്ത് നൂറ്റിമുപ്പത്തിയഞ്ചോളം വാദ്യകലാകാരന്മാർ അണിനിരന്നു. പഞ്ചാരിയുടെ പതികാലത്തിന് ജയറാം തുടക്കമിട്ടു. മൂന്നു മണിക്കൂറോളം മേളം ക്ഷേത്രാങ്കണമാകെ അലയടിച്ചുയർന്നു. മേള പ്രമാണിയായി ‘ഇടംതല’യിൽനിന്ന ജയറാമിനടുത്തായി ചോറ്റാനിക്കര സത്യൻ നാരായണമാരാർ, തിരുമറയൂർ രാജേഷ്, ആനിക്കാട്ട് ഗോപകുമാർ എന്നിവരുൾപ്പെടെ ഇരുപതോളം പേർ അണിനിരന്നു. ‘വലംതലയി’ൽ ചോറ്റാനിക്കര രഞ്ജിത്ത്, ചോറ്റാനിക്കര അനു, തിരുവാങ്കുളം സതീശൻ, പുതിയകാവ് ശരത് എന്നിവരടക്കം 35 പേർ അണിചേർന്നു. ഇലത്താളത്തിന് ചോറ്റാനിക്കര സുനിൽ, വേണുഗോപാൽ, രാജു, ബാഹുലേയൻ, പറവൂർ സോമൻ എന്നിവർക്കൊപ്പം മുപ്പത്തിയഞ്ചോളം പേരുണ്ടായി. കുഴൽവാദ്യത്തിന് പെരുവാരം സതീശൻ, കൊടകര അനൂപ്, ചേർത്തല ബാബു, തുറവൂർ വിഷ്ണു എന്നിവർക്കൊപ്പം 15 പേരാണുണ്ടായത്. കൊമ്പ് വാദ്യത്തിന് മച്ചാട് ഹരിദാസ്, വെന്നിമല രാജേഷ്, ഉദയപുരം ഷിബു എന്നിവരടക്കം മുപ്പതോളം പേരും.
പതികാലത്തിൽ ആരംഭിച്ച് ക്രമേണ അഞ്ച് കാലങ്ങളിലായി 96 അക്ഷര കാലങ്ങളും പൂർത്തിയാക്കി ക്ഷേത്രാങ്കണം വലംവെച്ച് കിഴേക്ക നടപ്പുരയിലെത്തി കലാശം കൊട്ടിയാണ് മേളം അവസാനിച്ചത്. നവരാത്രിയിൽ പ്രധാനമായ ദുർഗാഷ്ടമിയോടനുബന്ധിച്ച് വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജവെപ്പ് നടന്നു. നൃത്തോത്സവം, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ വിജയദശമി, സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയോടെ നവരാത്രി പരിപാടികൾ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
