ഇന്നസെന്റ് ഉറങ്ങുന്നത് ഇനി അനശ്വര കഥാപാത്രങ്ങൾക്കൊപ്പം
text_fieldsഇന്നസെന്‍റിന്‍റെ കല്ലറയില്‍ 30 കഥാപാത്രങ്ങള്‍ പതിപ്പിച്ചിരിക്കുന്നു
ഇരിങ്ങാലക്കുട: ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും കൊത്തിവെച്ചു. ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയത്തിലെ കിഴക്കേ സെമിത്തേരിയിലെ കല്ലറയിൽ അദ്ദേഹം വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30ല്‍പരം കഥാപാത്രങ്ങളാണ് പതിപ്പിച്ചിട്ടുള്ളത്.
കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയുമാണ് ഈ ആശയം. കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, ആറാംതമ്പുരാന്‍, ഫാന്റംപൈലി, നമ്പര്‍ 20 മദ്രാസ് മെയില്‍, മണിച്ചിത്രത്താഴ്, വെട്ടം, മനസ്സിനക്കരെ, ഇന്ത്യന്‍ പ്രണയകഥ, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, റാംജിറാവു സ്പീക്കിങ്, മഴവില്‍ക്കാവടി, സന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, പാപ്പീ അപ്പച്ചാ തുടങ്ങി മുപ്പതോളം കഥാപാത്രങ്ങളാണ് പഴയ ഫിലിം റീലിന്റെ മാതൃകയിൽ കൊത്തിവെച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട സ്വദേശി രാധാകൃഷ്ണനാണ് ഗ്രാനൈറ്റില്‍ ഇത് നിർമിച്ചത്. ഇന്നസെന്റിന്റെ ഏഴാം ഓര്‍മദിനമായിരുന്ന ഇന്നലെ അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും കല്ലറയിലെത്തി പ്രാർഥന നടത്തി. ഇന്നസെന്റിന്റെ കല്ലറ കാണാനും പ്രണാമം അര്‍പ്പിക്കാനും നിരവധിപേരാണ് എത്തുന്നത്.