ഇന്നസെന്‍റിന് കണ്ണീരോടെ വിട...
text_fieldsതൃശൂർ: മലയാളത്തിന്‍റെ പ്രിയ നടൻ ഇന്നസെന്‍റിന് നാട് കണ്ണീരോടെ വിട നൽകി. മൃതദേഹം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഇരിങ്ങാലക്കുടയിലെ ഇന്നസെന്‍റിന്‍റെ വീട്ടിൽ ഇന്ന് രാവിലെ പത്ത് വരെ പൊതുദർശനം നടന്നു. ഇന്നും ഇന്നസെന്‍റിനെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടന്‍റെ കാർമികത്വത്തിൽ ശുശ്രൂഷ ആരംഭിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ സഹകാർമികത്വം വഹിച്ചു.
വീട്ടിലെ ചടങ്ങുകൾ പൂർത്തിയായതോടെ വിലാപയാത്രയായി സെന്‍റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. മന്ത്രിമാരടക്കം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമടക്കം വൻ ജനാവലി പള്ളിയിലെത്തി.
ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസങ്ങൾക്ക് മുമ്പ് അതിഗുരുതരാവസ്ഥയിലാകുകയായിരുന്നു.