കോടതിവിധി ചര്‍ച്ചയാകുന്നതിനിടെ ശബരിമലയിൽ ദര്‍ശനം നടത്തി ദിലീപ്
text_fieldsപത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചര്‍ച്ചയാകുന്നതിനിടെ നടന്‍ ദിലീപ് ശബരിമലയിൽ ദര്‍ശനം നടത്തി. തിങ്കളാഴ്ച പുലർച്ചെയാണ് ദിലീപ് സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരം. വഴിപാടുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ദിലീപ് ആശയവിനിമയം നടത്തി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ തവണ ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ വി.ഐ.പി പരിഗണന നല്‍കിയത് ഹൈകോടതി വിമര്‍ശിച്ചിരുന്നു. ദിലീപിന് ദർശനം നടത്താൻ ശ്രീകോവിലിന് മുന്നില്‍ 10 മിനിറ്റോളം സമയം അനുവദിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ശബരിമല ദര്‍ശനത്തിനെത്തുന്ന വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കോടതി വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ തനിക്ക് ഒട്ടും അത്ഭുതമില്ല എന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുകയാണ്.
പ്രസ്തുത ജഡ്ജിയിൽ നിന്ന് കേസ് മാറ്റണമെന്നുള്ള എല്ലാ ഹരജികളും നിഷേധിക്കപ്പെട്ടു. 2020ന്റെ അവസാനം തന്നെ ചില അന്യായങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്ന് മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായ കാര്യമാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരോട് അത് ശുദ്ധനുണയാണെന്നും നടി പറയുന്നു. പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറോ ജീവനക്കാരനോ ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ ആയിരുന്നില്ല. 2016ൽ താൻ വർക്ക് ചെയ്തിരുന്ന സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽനിന്ന് നിയമിക്കപ്പെട്ട ഒരാൾ മാത്രമാണ്.
നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല എന്നാണ് നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ തിരിച്ചറിയുന്നുവെന്നും അതിജീവിത കുറിച്ചു. തന്നെ അധിക്ഷേപിക്കുന്ന നുണക്കഥകൾ പ്രചരിപ്പിക്കുന്നവർ അത് തുടരുകയെന്നും കുറിപ്പിൽ പറയുന്നുണ്ട്. പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

