ജാമ്യവ്യവസ്‌ഥ ലംഘിക്കൽ; തെളിവുകൾ ലഭിച്ചാൽ ദിലീപ് ജയിലിൽ പോകേണ്ടിവരും
text_fieldsFile Photo
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടൻ ദിലീപ് ജാമ്യവ്യവസ്‌ഥ ലംഘിച്ചതായാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ഇതിനുള്ള തെളിവുകൾ ലഭിച്ചാൽ ദിലീപ് ജയിലിൽ പോകേണ്ടിവരും. അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്ന അന്വേഷണ സംഘം ജാമ്യവ്യവസ്‌ഥ ലംഘിച്ചതുമായ സൂചനകളെ തുടർന്ന് അതിനുള്ള തെളിവുകളും തിരയുന്നുണ്ട്.
കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാനടക്കം ദിലീപ് ശ്രമിച്ചുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് ജാമ്യവ്യവസ്‌ഥ ലംഘനത്തിൽ ദിലീപിനെ ജയിലിലാക്കാൻ നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിൻറെ തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിൻറെ ശബ്‌ദരേഖയുണ്ട്. ദിലീപിൻറെ സഹോദരൻ അനൂപും ഇയാളെ സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്‌ദരേഖയുണ്ട്. ശബ്‌ദം ദിലീപിൻറേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിംഗുകൾ വേറെയുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നൽകിയത് ചില വ്യവസ്ഥകളോടെയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തെ ബാധിക്കുന്ന ഒന്നും ചെയ്യരുത് എന്നതടക്കമുള്ള കർശന വ്യവസ്‌ഥകളാണ് കോടതി നിർദേശിച്ചിരുന്നത്. അതിനാൽ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന് എന്തെങ്കിലും തെളിവ് കോടതിയിൽ ഹാജരാക്കിയാൽ ദിലീപിൻറെ ജാമ്യം റദ്ദാകും. ഇതിനിടയിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനുള്ള തെളിവുകൂടി കോടതിയിൽ നൽകിയാൽ ദിലീപിന് വീണ്ടും ജയിലിൽ പോകേണ്ടി വരും.