കോവിഡിന്‍റെ മറവിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി പകൽക്കൊള്ള നടത്തുന്നെന്ന് നടൻ; പിന്നീട് ക്ഷമാപണം
text_fieldsകോവിഡ് ചികിത്സയുടെ പേരിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി പകൽക്കൊള്ള നടത്തുന്നെ ആരോപണവുമായി നടനും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി വിഡിയോ പുറത്തുവിട്ടു. പിന്നീട് അത് തന്‍റെ തെറ്റിദ്ധാരണ മൂലമുണ്ടായ ആരോപണമാണെന്ന് വിശദീകരിച്ച് അദ്ദേഹം മറ്റൊരു വിഡിയോയുമായും രംഗത്തെത്തി.
ആദ്യ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി വരുന്നതിനിടെയാണ് തിരുത്തലും ക്ഷമാപണവുമായി രണ്ടാമത്തെ വിഡിയോ എത്തുന്നത്. കോവിഡ് ബാധിതനായി മാംമഗലത്തെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ കഴിയുമ്പോഴുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലായിരുന്നു എബ്രഹാം കോശിയുടെ ആദ്യത്തെ വിഡിയോ.
ജനുവരി 28ന് കോവിഡ് സ്ഥിരീകരിച്ച് അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തിന് ഒരാഴ്ച തികയും മുമ്പ് ആശുപത്രി അധികൃതർ നൽകിയത് രണ്ട് ലക്ഷത്തിലധികം രൂപയുടെ ബിൽ ആണ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ പിന്നാമ്പുറങ്ങൾ വെളിപ്പെട്ടതെന്ന് എബ്രഹാം കോശി പറയുന്നു. ഒരു മുറിയിൽ കഴിയുന്ന മൂന്നുപേരിൽ നിന്നും (എബ്രഹാം കോശി, ഭാര്യ, മകളുടെ കുട്ടി) 10,300 രൂപ വീതം വാടക ഈടാക്കിയും പിപിഇ കിറ്റ് ഇടപാടിലുമൊക്കെയാണ് തട്ടിപ്പ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് എ.സി റൂം ആണ് ഇവർക്ക് കിട്ടിയത്. 10,300 രൂപയാണ് ദിവസ വാടക. ഈ തുകയിൽ മുറി വാടകയും ഡോക്ടറുടെ ഫീസും നഴ്സിന്‍റെ ഫീസും മാത്രമാണ് അടങ്ങുന്നത്. രണ്ടാം തീയതി ആശുപത്രിക്കാർ ഒരു പാർട്ട് ബിൽ നൽകി. 2,40,000 രൂപയാണ് അതിന്‍റെ ബിൽ. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ മൂന്ന് പേരും ഈ ഒരു റൂമിൽ താമസിക്കുന്നതിന് ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണമെന്നായിരുന്നു മറുപടിയെന്ന് ആദ്യ വിഡിയോയിൽ പറയുന്നു. അതായത് 31,000 രൂപ ഒരു ദിവസം വാടകയിനത്തിൽ മാത്രം നൽകണം.
പിന്നീട് ഒരു തട്ടിപ്പ് നടക്കുന്നത് പിപിഇ കിറ്റിനകത്താണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നഴ്സുമാർക്ക് രോഗികൾ ഒരുദിവസം 20 പിപിഇ കിറ്റ് വാങ്ങിച്ച് നൽകുന്നുണ്ട്. എന്നാൽ, ഉപയോഗിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. തന്‍റെ കുടുംബം വിറ്റാൽ പോലും വാടക തുക ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാൽ, മുറി വാടക സംബന്ധിച്ച തന്‍റെ ആരോപണം തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണെന്ന് രണ്ടാമത്തെ വിഡിയോയിൽ എബ്രഹാം കോശി പറയുന്നു. മുറിവാടക 1600 രൂപ മാത്രമാണെന്നും ബാക്കി ചികിത്സ ചെലവുകളാണെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ആദ്യം വിശദമായ ബിൽ ചോദിച്ചപ്പോൾ ഇങ്ങിനെ സ്പ്ലിറ്റ് ചെയ്ത് പറയാഞ്ഞതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. തന്‍റെ വിഡിയോ പ്രചരിച്ച ശേഷമാണ് ബിൽ സംബന്ധിച്ച വിശദീകരണം ആശുപത്രിക്കാർ നൽകിയത്.
എ.സി റൂമിന് 1600 രൂപ അധികമാണെന്ന് തോന്നുന്നില്ല. ചികിത്സയുടെ ചെലവുകൾ തീരുമാനിക്കാനുള്ള അധികാരം ആശുപത്രി അധികൃതർക്കാണ്. തനിക്കും ഭാര്യക്കും മറ്റ് അസുഖങ്ങൾ കൂടിയുള്ളതിനാൽ അതിന്‍റെ ചികിത്സയും ഇതിന്‍റെ കൂടെ നടത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ഇത്ര വിദഗ്ധ ചികിത്സ ലഭിക്കുന്നത് സംബന്ധിച്ച സാധ്യത തനിക്ക് അറിയില്ലെന്നും എബ്രഹാം കോശി പറയുന്നു. തെറ്റിദ്ധരിപ്പിച്ചതിന് ആശുപത്രി മാനേജ്മെന്റിനോടും സ്റ്റാഫിനോടും എല്ലാവരോടും ക്ഷമ ചോദിച്ചാണ് രണ്ടാമത്തെ വിഡിയോ അദ്ദേഹം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

