കാടിളക്കി കല്യാണയാത്ര; 'താമരാക്ഷൻ പിള്ള'യുടെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും
text_fieldsകൊച്ചി: അപകടകരമായ രീതിയിൽ മരച്ചില്ലകളും ചെടികളും ഉപയോഗിച്ച് അലങ്കരിച്ച് കെ.എസ്.ആർ.ടി.സി ബസ് കല്യാണ യാത്ര നടത്തിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും. സംഭവത്തിൽ ഇന്ന് വിശദീകരണം നൽകാൻ ആർ.ടി.ഒ നിർദേശിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് താത്ക്കാലികമായി സസ്‌പെൻഡ് ചെയ്‌തേക്കും.
'പറക്കും തളിക' സിനിമയെ അനുകരിച്ച് ബസ് അലങ്കരിച്ച് കല്യാണ ഓട്ടത്തിന് പോയതാണ് വിവാദമായത്. നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികൾ വീശി ആഘോഷത്തിമിർപ്പിലായിരുന്നു ബസിന്റെ യാത്ര. 'താമരാക്ഷൻ പിള്ള' എന്ന് പേരും നൽകി. ബസിന്റെ വിഡിയോ വൈറലായതോടെ അപകടസാധ്യത ചൂണ്ടിക്കാട്ടി വൻ വിമർശനം ഉയർന്നു.
വിവാദമായതോടെ ബസ് ഹൈറേഞ്ച് എത്തും മുമ്പേ തിരികെ വിളിച്ചു. ഡ്രൈവർക്ക് നോട്ടീസും നൽകി. ഡ്രൈവർ ഇന്ന് ജോയിന്റ് ആർ.ടി.ഒക്ക് മുമ്പിൽ ഹാജരായി വിശദീകരണം നൽകണം. കോതമംഗലം ഡിപ്പോയിലെത്തിച്ച ബസിന്റെ സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമ്പോഴാണ് കെ.എസ്.ആർ.ടി.സി ബസ് ഇങ്ങനെ സുരക്ഷിതമല്ലാത്ത രീതിയിൽ അലങ്കരിച്ച് സർവിസ് നടത്തുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
സാധാരണ ഗതിയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കെ.എസ്.ആർ.ടി.സി ബസ് വിവാഹം ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി വാടകക്ക് സര്‍വിസ് നടത്തുന്നതില്‍ നിയമ തടസമില്ല. എന്നാല്‍ ഒരു തരത്തിലും ബസിന്‍റെ ബോര്‍ഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

