ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി- വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് വളര്‍ച്ചയുടെ ഒരു പ്രധാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചത്.
അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകള്‍ സജ്ജമാക്കിയത്. എഫ്.എസ്.എസ്.എ.ഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകള്‍ സജ്ജമാക്കിയത്.
ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മൂന്നോ നാലോ ഇരട്ടി വര്‍ധിപ്പിക്കാന്‍ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വര്‍ധന പിഴത്തുകയില്‍ ഉണ്ടായിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയത്.
ഈ കാലയളവില്‍ 14 ജില്ലകളിലും മൊബൈല്‍ പരിശോധനാ ലാബുകള്‍ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എന്‍.എ.ബി.എല്‍. ഇന്റഗ്രേഡഡ് അസസ്സ്‌മെന്റ് പൂര്‍ത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ല്‍ 75 പരാമീറ്ററുകള്‍ക്കാണ് അംഗീകാരം ലഭിച്ചതെങ്കില്‍ ഘട്ടംഘട്ടമായി ഉയര്‍ത്തി ഇപ്പോള്‍ 1468 പരാമീറ്ററുകള്‍ക്ക് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ നേടിയെടുക്കാനായി.
ഓണത്തിനും ക്രിസ്തുമസിനും മാത്രമല്ല സംസ്ഥാനത്ത് തുടര്‍ച്ചയായി പരിശോധനകള്‍ നടന്നു വരുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ഫോട്ടോയും വീഡിയോയും നേരിട്ട് അപ് ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും സജ്ജമാക്കി.
ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ് എന്നിവയും നടപ്പിലാക്കി വരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.
ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍, ചീഫ് ഗവ. അനലിസ്റ്റ് റംല. കെ.എ., എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ കെ.എന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജു ദേവി. പി., എന്‍ഫോഴ്‌സ്‌മെന്റ് ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

