തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ മധ്യവര്‍ത്തികളില്ലാതെ നല്‍കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം പൂർണമായി നടപ്പാക്കാത്തതു കാരണം പരാതികള്‍ ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അനായാസം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ മധ്യവര്‍ത്തികളുടെ ഇടപെടലില്ലാതെ ഓണ്‍ലൈനിലൂടെ സമയബന്ധിതമായി ലഭ്യമാകണം. കാലാ കാലങ്ങളിലുള്ള ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മനപൂര്‍വ്വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.