വിജിലൻസ് കേസുകൾ വേഗത്തിലാക്കാൻ നടപടി
text_fieldsvigilance
തിരുവനന്തപുരം: വിജിലൻസ് കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സമയക്രമത്തിലുൾപ്പെടെ മാറ്റം വരുത്താൻ നടപടികളുമായി സർക്കാർ. കേസന്വേഷണം പൂർത്തിയാക്കുന്ന കാര്യത്തിലും അനുമതികൾ, അപ്പീൽ എന്നിവ നൽകുന്നതിലും കൃത്യമായ സമയപരിധി നിശ്ചയിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കും. സംസ്ഥാനത്തെ വിജിലൻസ് കോടതികളിൽ നിരവധി കേസുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. കേസുകളുടെ ബാഹുല്യവും അന്വേഷണം പൂർത്തിയാകുന്നതിലെയും പ്രോസിക്യൂഷൻ അനുമതി ഉൾപ്പെടെ ലഭ്യമാകുന്നതിലെയും കാലതാമസവുമാണ് പ്രധാന കാരണം.
അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ 1997ൽ നിശ്ചയിച്ച സമയക്രമം കാലോചിതമായി പരിഷ്കരിക്കും. പ്രാഥമികാന്വേഷണം പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചാൽ നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കാറില്ല.
സർക്കാർ ഉദ്യോഗസ്ഥരെയടക്കം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെങ്കിലും കുറ്റം ചെയ്തെന്ന് വ്യക്തമായാൽ ഉദ്യോഗസ്ഥനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കാമെന്ന സർക്കുലർ വിജിലൻസ് ഡയറക്ടർ ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയത്.
കോടതി കുറ്റമുക്തമാക്കുന്ന കേസുകളിൽ അപ്പീൽ നൽകാവുന്നവ സമയബന്ധിതമായി ഫയൽ ചെയ്യും. അന്വേഷണം കാര്യക്ഷമമാക്കാൻ വിജിലൻസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ അപ്ഗ്രേഡ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ഫോറൻസിക് പരിശോധനഫലത്തിന്റെ കാലതാമസം പരിഹരിക്കാൻ മുൻഗണനാക്രമത്തിൽ റിപ്പോർട്ടുകൾ നൽകും. രേഖകൾ സൂക്ഷിക്കാൻ വിജിലൻസിന് സംവിധാനമില്ലാത്തതിനാൽ പ്രത്യേക ഡോക്യുമെന്റ് ഡിവിഷനും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

