നികുതി ചോർച്ച പരിഹരിക്കാൻ നടപടി -ധനമന്ത്രി
text_fieldsപാലക്കാട്: ജി.എസ്.ടി നടപ്പാക്കിയ ശേഷം നികുതിയിൽ വന്ന ചോർച്ച പരിഹരിക്കാൻ പഠനം നടക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വാളയാർ വിൽപന നികുതി ചെക്ക്പോസ്റ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി സംവിധാനം വന്ന ശേഷം ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള വരുമാനത്തിൽ കാര്യമായ കുറവ് വന്നു. പ്രതിവർഷം കേരളത്തിലേക്ക് 15,000 കോടിയുടെ ചരക്കാണ് വരുന്നത്.
5000 കോടിയുടെ ചരക്ക് പുറത്തേക്കും പോകുന്നെന്നാണ് ഏകദേശ കണക്ക്. ഇതനുസരിച്ച് സത്യസന്ധമായി നികുതിയടച്ചാൽ വരുമാനം കൂടും. ജി.എസ്.ടിക്ക് മുമ്പ് ഓരോ വർഷവും നികുതി വരവിൽ 14 മുതൽ 16 ശതമാനം വരെ വർധന ഉണ്ടായിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പാക്കി നാല് വർഷം കഴിയുമ്പോൾ വരുമാനം ആദ്യ വർഷത്തേതിന് തുല്യമാണ്.
കോവിഡ് വന്നതോടെ വീണ്ടും വരുമാനം കുറഞ്ഞു. ജനങ്ങളിൽനിന്ന് ഈടാക്കുന്ന നികുതി സർക്കാറിലേക്ക് നൽകിയേ മതിയാവൂ. കേരളത്തിൽനിന്ന് പുറത്തേക്ക് പോകുന്ന ചരക്കുകൾ കൂടി നിരീക്ഷിക്കാൻ കാമറ സംവിധാനം ഏർപ്പെടുത്തും. ഫിസിക്കൽ വെരിഫിക്കേഷനിലെ കുറവ് നികത്തുമെന്നും മന്ത്രി അറിയിച്ചു.
നികുതി നൽകാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വാളയാറിലെ വിൽപന നികുതി വകുപ്പ് ഓഫിസ് കേന്ദ്രീകൃത മോണിറ്ററിങ് കമാൻഡിങ് ഓഫിസാക്കി മാറ്റുന്നത് പുരോഗമിക്കുകയാണ്. ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഓഡിറ്റിങ്ങും ഇൻറലിജൻസ് സംവിധാനവും ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

