ഇടുക്കിയിലെ വിദൂര ആദിവാസി കുടികളിൽ വെളിച്ചമെത്തിക്കാൻ നടപടി
text_fieldsതൊടുപുഴ: ജില്ലയിലെ ആദിവാസി കുടികളിൽ വെളിച്ചമെത്തിക്കുന്നതിന് നടപടി. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലെ വിദൂര ആദിവാസിക്കുടികളിൽ വെളിച്ചമെത്തിക്കാനാണ് നടപടികളായത്.വൈദ്യുതി എത്തിക്കാനുള്ള തുക അനുവദിക്കുന്ന കാര്യത്തിൽ നേരത്തേ വ്യക്തമായ അറിയിപ്പുകൾ ഇല്ലാത്തതിനാൽ കുടികളിലെ വൈദ്യുതീകരണമടക്കമുള്ള കാര്യങ്ങൾ നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ തുക ചെലവഴിക്കാൻ കെ.എസ്.ഇ.ബിക്ക് ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.
മറയൂർ സെക്ഷന് കീഴിലെ ആലംപെട്ടിക്കുടി, പുതുക്കുടി, വെള്ളക്കല്ല് കുടി, തായണ്ണൻ കുടി, പുറവയൽ കുടി, ഇരുട്ടളക്കുടി, ഈച്ചാംപെട്ടിക്കുടി, ചെമ്പട്ട്കുടി, പാളപ്പെട്ടി കുടി, മാങ്ങാപ്പാറക്കുടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വൈദ്യുതി എത്തുന്നത്. നടുക്കുടി, ഷെഡുകുടി, ഊഞ്ചാൻ പാറക്കുടി എന്നിവിടങ്ങളിൽ ഇതിനോടകം വൈദ്യുതി എത്തിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.
പദ്ധതിയുടെ 80 ശതമാനം തുകയും കെ.എസ്.ഇ.ബിയാണ് ചെലവഴിക്കുന്നത്. മറയൂർ, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിൽ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി ഇനിയും എത്താത്ത സാഹചര്യമുണ്ട്. വിദൂര ആദിവാസി കോളനിയിലടക്കം വൈദ്യുതി എത്തിക്കാൻ വൈദ്യുതി വകുപ്പ് നേരത്തേ 10 കോടിയുടെ സൗരോർജ പദ്ധതിക്ക് രൂപംനൽകിയിരുന്നു. എന്നാൽ, ഇവയൊക്കെ നീണ്ടുപോയി. വീടുകളിൽ വൈദ്യുതി ഇല്ലാത്തത് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തെയടക്കം ബാധിച്ചിരുന്നു.
ടെൻഡർ നടപടി പൂർത്തിയായെങ്കിലും മഴ ആരംഭിച്ചത് സാധന സാമഗ്രികളടക്കം കൊണ്ടുപോകുന്നതിന് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പലയിടങ്ങളിലും റോഡുകളുടെ അഭാവവും വെല്ലുവിളിയാണ്.ജില്ല പഞ്ചായത്തിെൻറ പദ്ധതിയുടെ ഭാഗമായി ഇടമലക്കുടിയിലെ ചില കുടികളിലും വെളിച്ചമെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.
ആദിവാസി കുടികളിൽ വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ സർവേ നടത്തിയിരുന്നു. ഓരോ ഊര് തിരിച്ച് വൈദ്യുതി എത്താത്ത വീടുകളുടെ വിവരശേഖരണമാണ് നടത്തിയത്. വനത്തിലൂടെ പോസ്റ്റിട്ട് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലെന്നും ഏറെ തടസ്സങ്ങൾ ഉണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു.
വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് നടപടി ആരംഭിച്ചതായി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 13 കുടികളിൽ വൈദ്യുതീകരണം നടത്താൻ ഉത്തരവ് ലഭിച്ചിട്ടുണ്ട്. 25 കുടികളെയാണ് കണ്ടെത്തിയത്. വിവിധ വകുപ്പുകളിൽനിന്ന് തുക ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മറയൂരിലെ ഊഞ്ചൻ പാറക്കുടിയിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

