റേഷൻ വ്യാപാരികളുടെ കമീഷൻ അനുവദിക്കാൻ നടപടി
text_fieldsപാലക്കാട്: റേഷൻ വ്യാപാരികളുടെ കമീഷൻ സമയബന്ധിതമായി നൽകാൻ നടപടി. ഇനി മുതൽ മാസാടിസ്ഥാനത്തിലുള്ള ഇ-പോസ് മെഷീൻ മുഖേനയുള്ള വിൽപന വിവരങ്ങൾ താലൂക്കുകളിൽ നിന്ന് ശേഖരിച്ച് എല്ലാ മാസവും രണ്ടാമത്തെ പ്രവൃത്തി ദിവസം തന്നെ കമീഷണറേറ്റിൽ ലഭ്യമാക്കണമെന്ന് കമീഷണർ നിർദേശം നൽകി. കമീഷണറേറ്റിൽ നിന്ന് ജില്ലാടിസ്ഥാനത്തിൽ അനുവദിക്കുന്ന തുക തൊട്ടടുത്ത പ്രവൃത്തി ദിവസം ജില്ല സപ്ലൈ ഓഫിസർ, താലൂക്ക്-സിറ്റി റേഷനിങ് ഓഫിസർമാർക്ക് അനുവദിച്ച് നൽകുകയും കണ്ടിജൻറ് ബിൽ സ്വീകരിക്കുന്ന ആദ്യ ദിവസമായ പത്താം തീയതി തന്നെ ബിൽ ട്രഷറിയിൽ നൽകുകയും വേണം.
ജില്ല സപ്ലൈ ഓഫിസർമാർ ഇക്കാര്യത്തിൽ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താനും കമീഷണർ നിർദേശം നൽകി. അതേസമയം, ഇ-പോസ് സംവിധാനം ആരംഭിച്ചതോടെ റേഷൻ വിതരണം കഴിഞ്ഞാലുടൻ അവയുടെ വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ലഭ്യമാകും. എന്നിട്ടും കമീഷൻ തുക ലഭിക്കാൻ കാലതാമസമനുഭവപ്പെടുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു.
ട്രഷറിയിൽ ബില്ല് സമർപ്പിച്ച് കാലതാമസം കൂടാതെ അക്കൗണ്ടിലേക്ക് തുക മാറാൻ നിർദേശമുണ്ടെങ്കിലും ഇവ പാലിക്കുന്നില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടനകൾ ആരോപിക്കുന്നു. മാസത്തിൽ 45 ക്വിൻറൽ വരെ വിൽപന നടത്തുന്ന ഓരോ വ്യാപാരിക്കും മിനിമം കമീഷൻ 18,000 രൂപയാണ്. വിൽപനയുടെ വർധനക്കനുസരിച്ച് കമീഷൻ തുകയിൽ മാറ്റം വരും. ജില്ല സപ്ലൈ ഓഫിസിൽ നിന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ കാര്യാലയത്തിലേക്ക് വ്യാപാരികളുടെ കമീഷൻ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിലെ കാലതാമസമാണ് തുക വൈകാൻ കാരണം.