ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ നടപടി വേണം -കെ.സി.ബി.സി
text_fieldsകൊച്ചി: രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു. ക്രിസ്മസ്, വിശുദ്ധവാരം പോലെയുള്ള ക്രൈസ്തവ വിശേഷ ദിനങ്ങളിൽ കൂടുതൽ സംഘടിതമായുള്ള അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാറുകൾ തയാറാകണം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു. എങ്കിലും ക്രിസ്മസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്.
നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും പ്രസ്താവനയിൽ കെ.സി.ബി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

