ശബ്ദസന്ദേശം: ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിക്കെതിരെ നടപടി ഉറപ്പ്
text_fieldsഡി.വൈ.എഫ്.ഐ
തൃശൂർ: മുതിർന്ന സി.പി.എം നേതാക്കൾ ഡീലർമാരാണെന്നും കോടികൾ സമ്പാദിച്ചതായും പറയുന്ന ശബ്ദസന്ദേശം പുറത്തായ സംഭവത്തിൽ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി ശരത് പ്രസാദിനെതിരെ വരുംദിവസങ്ങളിൽ നടപടിയുണ്ടാകും. ശരത് പ്രസാദിൽനിന്ന് വിശദീകരണം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് സി.പി.എം ജില്ല നേതൃത്വം വ്യക്തമാക്കിയത്. അടുത്തയാഴ്ചയോടെയേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. പാർട്ടിയുടെ ഏതു നടപടിയും സ്വീകരിക്കാൻ തയാറാണെന്നും സംസ്ഥാനത്തുടനീളം സി.പി.എമ്മിനുണ്ടായ പ്രയാസം ഉൾക്കൊള്ളുന്നുവെന്നുമാണ് ശരത് പ്രസാദുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, നടത്തറയിൽ സി.പി.എമ്മിനുള്ളിലുണ്ടായ ഗ്രൂപ്പിസമാണ് വിഷയം സംസ്ഥാനത്തുടനീളം ചർച്ചചെയ്യുന്ന രീതിയിൽ എത്തിച്ചത്. പ്രാദേശികമായ ഗ്രൂപ്പിസത്തിന്‍റെ ഭാഗമായി സി.പി.എം പ്രാദേശിക നേതാവുതന്നെ പലരുടെയും ശബ്ദസന്ദേശങ്ങൾ റെക്കോഡ് ചെയ്യുകയും പുറത്തുവിടുകയുമാണുണ്ടായതെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. ആഴ്ചകളായി നടത്തറ പഞ്ചായത്തിലുണ്ടായ തർക്കവും ഗ്രൂപ്പുപോരും പരിഹരിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇതോടെ പഞ്ചായത്തംഗവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ വ്യക്തിതന്നെ ശബ്ദസന്ദേശം ചോർത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്.
നടത്തറയിലെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരംഭിച്ച തർക്കമാണ് മുതിർന്ന നേതാക്കളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ തുടങ്ങിയവർക്കെതിരായ ശബ്ദരേഖ പുറത്തുവരാൻ കാരണമായത്.
തന്‍റെതന്നെ ശബ്ദമാണെന്ന് ശരത് പ്രസാദ് ചാനൽ റിപ്പോർട്ടറുമായുള്ള ഫോൺ സംഭാഷണത്തിൽ സമ്മതിച്ചതോടെ പാർട്ടി പ്രതിരോധത്തിലാകുകയായിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. തെറ്റ് സമ്മതിക്കുകയും പാർട്ടിക്ക് വിധേയനായി തുടരുകയും ചെയ്യുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കടുത്ത നടപടി ഒഴിവാക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

