ജീവനക്കാർക്കെതിരെ നടപടി: അടിയന്തര ദേവസ്വം ബോർഡ് യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ജീവനക്കാർക്കെതിരെയും മുൻ ജീവനക്കാർക്കെതിരെയും നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തരയോഗം ചൊവ്വാഴ്ച ചേരും. സ്വർണക്കടത്തിൽ കുറ്റക്കാരനെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയ ഒമ്പത് ഉദ്യോഗസ്ഥരിൽ 2019ൽ ശബരിമല അഡ്മിനിട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരാമത്ത് എൻജിനീയർ കെ. സുനിൽകുമാറാണ് കുറ്റാരോപിതരിൽ ഇപ്പോൾ സർവിസിലുള്ളത്. മറ്റ് ഏഴുപേരും പലവർഷങ്ങളിലായി വിരമിച്ചു. യോഗം കെ. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തേക്കും.
ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകളാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പു തകിടുകൾ എന്നുമാത്രമെഴുതിയ 2019 ജൂലൈ 19ലെയും 20ലെയും മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ടവരിൽ ഒരാളാണ് സുനിൽകുമാർ. 2019 സെപ്റ്റംബർ 11ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് ശിൽപങ്ങൾ തിരികെ വാങ്ങുമ്പോൾ തൂക്കം നോക്കാതെ പേരിന് മാത്രം മഹസർ തയാറാക്കിയതും സുനിൽകുമാറായിരുന്നെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്.
2019ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു, 2021ൽ വിരമിച്ച തിരുവാഭരണം കമീഷണറായിരുന്ന ആർ.ഡി. രാധാകൃഷ്ണൻ, 2022ൽ വിരമിച്ച മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുരേഷ് കുമാർ, 2024ൽ വിരമിച്ച വി.എസ്. രാജേന്ദ്രൻ, 2020ൽ വിരമിച്ച മുൻ സെക്രട്ടറി എസ്. ജയശ്രീ, 2024ൽ വിരമിച്ച അഡ്മിനിട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാർ, 2021ൽ വിരമിച്ച മുൻ അഡ്മിനിട്രേറ്റീവ് ഓഫിസർ കെ. രാജേന്ദ്രൻ നായർ എന്നിവരുടെ വിരമിക്കൽ ആനുകൂല്യങ്ങളടക്കം അന്വേഷണം തീരുന്നതുവരെ പിടിച്ചുവെക്കാനുള്ള നടപടികളുടെ നിയമസാധുതകളെക്കുറിച്ചും യോഗം ചർച്ചചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

