പീഡനക്കേസ് പ്രതിയായ നേതാവിനെ വീണ്ടും പുറത്താക്കി സി.പി.എം
text_fieldsതിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും മറ്റൊരു വീട്ടമ്മയുടെ നഗ്നവിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം വീണ്ടും പുറത്താക്കി. പാർട്ടി പത്തനംതിട്ട ജില്ല കമ്മിറ്റിയുടേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരമാണ് നടപടി.
തിരുവല്ലയിലെ പ്രാദേശിക നേതാവും സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി. സജിമോനെയാണ് പുറത്താക്കിയത്. സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ്. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതുമായ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
2018ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകി. ഇതിനിടെ രണ്ടുവർഷം മുമ്പ് സി.പി.എം വനിത നേതാവായ വീട്ടമ്മയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച് നഗ്നവിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയും സജിമോനെതിരെ ഉയർന്നിരുന്നു. ലഹരി ചേർത്ത പാനീയം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തെന്ന് കാട്ടി വീട്ടമ്മ തിരുവല്ല പൊലീസിലും പാർട്ടിതലത്തിലും പരാതിയും നൽകിയിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമീഷൻ പരാതികളുടെ നിജസ്ഥിതി പരിശോധിച്ചിരുന്നു. ആദ്യ പീഡനക്കേസ് അടുത്തയാഴ്ച തിരുവല്ല കോടതി പരിഗണിക്കുന്നുണ്ട്. വിഷയം കോടതിയിലേക്ക് എത്തുംമുമ്പ് ബ്രാഞ്ച് സെക്രട്ടറിയായ സജിമോനെ പാർട്ടിയിൽനിന്ന് പുറത്താക്കി മുഖംരക്ഷിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

