വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി -ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്
text_fieldsഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് എം.എൽ.എ
കോട്ടയം: പാലാ നഗരസഭയിലെ അവിശ്വാസ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും നിയമ നടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു.
എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച നാല് കോൺഗ്രസ് കൗൺസിലർമാരും സ്വയമേ പാർട്ടിയിൽ നിന്നു പുറത്തു പോയെന്നാണ് അർഥം. ഇവർക്കെതിരെയുള്ള തുടർനടപടി കെ.പി.സി.സി പ്രസിഡന്‍റ് അറിയിക്കും. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസ് നൽകും. വിപ്പ് ലഭിച്ചിട്ടില്ലെന്ന കൗൺസിലർമാരുടെ വിശദീകരണം തെറ്റാണ്. ഏതെങ്കിലും തരത്തിൽ അറിയിപ്പ് നൽകിയാൽ അതിനെ വിപ്പായി കണക്കാക്കണമെന്നാണ്. ഡി.സി.സി വിപ്പ് നൽകിയതിന് സാക്ഷികളുണ്ട്. കൂടാതെ, അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു വിട്ടുനിൽക്കാൻ വാട്സ്ആപ്പ് വഴിയും അറിയിപ്പ് നൽകിയിരുന്നതായും നാട്ടകം സുരേഷ് വ്യക്തമാക്കി.
നഗരസഭ ചെയർപേഴ്സൻ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ നാലു കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചിരുന്നു. 17 പേരുടെ പിന്തുണ കിട്ടിയതോടെ അവിശ്വാസ നോട്ടീസ് പാസായി. പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ടാണ് തദ്ദേശ വകുപ്പ് ജോയന്‍റ് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽ.ഡി.എഫ് മുന്നണിക്ക് 12 കൗൺസിലർമാരാണുള്ളത്. കോൺഗ്രസ് -6, കേരള കോൺഗ്രസ് ജോസഫ്-3, കെ.ഡി.പി-1 എന്നതാണ് യു.ഡി.എഫ് കക്ഷിനില. കോൺഗ്രസ് വിമതയുടെയും സ്വതന്ത്ര മുന്നണിയിലെ മൂന്ന് അംഗങ്ങളുടെയും പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭ ഭരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

