മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡിന് ഭൂമി ഏറ്റെടുക്കൽ: മുൻ സ്പെഷ്യൽ തഹസിൽദാർക്ക് വീഴ്ചപറ്റിയെന്ന് ലാൻഡ് റവന്യൂ കമീഷണർ
text_fieldsകോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി ചേവായൂർ വില്ലേജിൽ ഭൂമി ഏറ്റെടുക്കലിൽ മുൻ സ്പെഷ്യൽ തഹസിൽദാർക്ക് വീഴ്ചപറ്റിയെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്. വില്ലേജിലെ റീസർവേ 16/103 യിൽപ്പെട്ട 3.14 സെൻറ് ഭൂമിയുടെ നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനെ തുടർന്ന് ദുർഗ നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്.
റോഡ് വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനർഹരായ വ്യക്തികൾക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് റവന്യൂ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭൂമിയുടെ ഭാഗപത്രത്തിൻറെ സർട്ടിഫൈഡ് കോപ്പി ഹാജരാക്കിയ സമയത്ത് അതിൻറെ ഒറിജിനൽ ആധാരം പരിശോധിച്ചില്ല. കക്ഷി ഹാജരാക്കിയ പത്രകട്ടിങ്ങിൻറെ ആധികാരികത പരിശോധിക്കാതെ, ഹാജരാക്കിയ രേഖകൾ മുൻ ഫയലിലെ മഹസറുമായി ഒത്തു നോക്കി പരിശോധിക്കാതെ പണം കൈമാറിയെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി.
ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്ത ദുർഗ കലക്ടർക്ക് സമർപ്പിച്ച പരാതിയിന്മേൽ ഉത്തരമേഖലാ വിജിലൻസ് ഡെപ്യൂട്ടി കലക്ടർ അന്വേഷണം നടത്തിയിരുന്നു. ശരിയായ ഭൂവുടമകളുടെ പേരും, വിലാസവും കാണിക്കുന്ന രേഖകൾ ഫയലിൽ ലഭ്യമായിരുന്നുന്നിട്ടും അത് പരിശോധിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഒറിജിനൽ പ്രമാണം നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട കക്ഷി സെർട്ടിഫൈഡ് കോപ്പിയും, മറ്റ് രേഖകളും ഹാജരാക്കിയതിൻറെ അടിസ്ഥാനത്തിൽ തുക റവന്യൂ ഉദ്യോഗസ്ഥർ അനുവദിച്ചു. ഇക്കാര്യത്തിൽ കോഴിക്കോട് കെ.സി.ആർ.ഐ.പി മുൻ സ്പെഷ്യൽ തഹസിൽദാറായിരുന്ന നിർമ്മൽ റീത്ത ഗോമസിന് വീഴ്ച സംഭവിച്ചിട്ടുള്ളതായും ഉത്തര മേഖലാ വിജിലൻസ് ഡെപ്യൂട്ടി കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
നിർമ്മൽ റീത്ത ഗോമസ് നിലവിൽ കണ്ണൂർ ഡെപ്യൂട്ടി കലക്ടറാണ്. ഈ വിഷയത്തിൽ ചട്ടപ്രകാരമുള്ള ഔപചാരിക അന്വേഷണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) കെ.ഹിമ യെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

