Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏറ്റെടുത്തും കൈവിട്ടും ...

ഏറ്റെടുത്തും കൈവിട്ടും ഭെൽ

text_fields
bookmark_border
bhel kasaragod story
cancel
camera_alt

എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എയുടെ നേതൃത്വത്തിൽ ഭെൽ ഇ.എം.എൽ ജീവനക്കാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ (ഫയൽ)

സംസ്​ഥാനത്തെ പൊതുമേഖല സ്​ഥാപനങ്ങളിൽ മുൻനിരയിലായിരുന്നു കാസർകോട്​ ബദ്രഡുക്കയിലെ കേരള ഇലക്​ട്രിക്കൽ ആൻഡ്​ അലെയ്​ഡ്​ എൻജിനീയറിങ്​ കമ്പനി ലിമിറ്റഡ്​​. 12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കമ്പനി നല്ല നിലക്ക്​ പ്രവർത്തിച്ചുപോന്നു. സ്​ഥിരം, കരാർ വിഭാഗങ്ങളിലായി ഇരുന്നൂറോളം പേർക്ക്​ ജോലി​. ട്രെയിനുകളിലെ എ.സി കമ്പാർട്ട്​മെൻറുകളിൽ ആവശ്യമായ ആൾട്ടർനേറ്ററുകൾ, പവർ കാറുകൾ തുടങ്ങിയവയാണ്​​ ഉൽപാദിപ്പിച്ചത്​. പൊതുമേഖല സ്​ഥാപനമായതിനാൽ ടെൻഡറില്ലാതെ തന്നെ യഥേഷ്​ടം ജോലി കരാർ ലഭിച്ചു. ഇതെല്ലാം കണ്ട്​ ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ (ഭെൽ) 'കെൽ' ഏറ്റെടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്പനി 'കെൽ' ഏറ്റെടുക്കു​േമ്പാൾ കണ്ട സ്വപ്​നങ്ങളെല്ലാം തകിടം മറിയുന്നതായി പിന്നീടുള്ള കാര്യങ്ങൾ. ജീവനക്കാരുടെ അന്നം മുടക്കിയ കമ്പനി ഇപ്പോൾ ഒരുവർഷമായി അടച്ചിട്ടിരിക്കുകയാണ്​. ഒാഹരി വേണ്ടെന്ന്​ ഭെല്ലും പറഞ്ഞു. ഏറ്റെടുക്കലും പിന്മാറലും എല്ലാം ചതിയായിരുന്നോ. ഇതേക്കുറിച്ച്​ 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം.

കാസർകോട്​: മികച്ച നിലയിൽ പ്രവർത്തിക്കുന്ന കെൽ യൂനിറ്റ്​ മഹാരത്​ന കമ്പനിയായ ഭെൽ സ്വന്തമാക്കുന്നു. ഭെൽ ഇ.എം.എൽ എന്ന്​ പേരിടുന്നു. കുറച്ചുവർഷം കഴിഞ്ഞ്​ ഞങ്ങൾക്കത്​ വേണ്ടെന്ന്​ ഭെൽ. ആ ഒാഹരി തിരിച്ചുവാങ്ങാൻ കേരളം തയാറാകുന്നു. എന്നാൽ, പറച്ചിലല്ലാതെ പിന്നീട്​ ഒന്നുമില്ല. ഇതാണ്​ ​ചുരുക്കിപ്പറഞ്ഞാൽ കാസർകോട്​ ഭെൽ ഇലക്​ട്രിക്കൽ മെഷീൻ ലിമിറ്റഡ്​ എന്ന പഴയ കെൽ യൂനിറ്റി​െൻറ ഇന്നത്തെ അവസ്​ഥ.

അതിനാൽ തന്നെ കൈമാറ്റത്തിൽ അടിമുടി ദുരൂഹത​ ഇപ്പോഴും നിലനിൽക്കുന്നു​. രാജ്യത്തെ പൊതുമേഖല സ്​ഥാപനങ്ങൾ ഒാരോന്നായി സ്വകാര്യ മേഖലക്ക്​ തീ​റെഴുതുന്ന പുതിയ കാലത്ത്​ ഭെൽ ഇ.എം.എല്ലിന്​ ആശ്വസിക്കാൻ വകയുണ്ട്​. 2009ൽ കെൽ സ്വന്തമാക്കിയ ഭെൽ, തിരിച്ച്​ അത്​ സംസ്​ഥാനത്തിനുതന്നെ നൽകാൻ തീരുമാനിച്ചല്ലോ എന്ന കാര്യത്തിലാണ്​ ഏക ആശ്വാസം.

അൽപം ചരിത്രം

ഇ. അഹമ്മദ്​ വ്യവസായ മന്ത്രിയായിരിക്കെ 1987ലെ റിപ്പബ്ലിക്​ ദിനത്തിലാണ്​ കാസർകോട്​ കെൽ യൂനിറ്റിന്​ തറക്കല്ലിട്ടത്​. '90ൽ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്​ഘാടനം ചെയ്​തു.

അഞ്ചുവർഷം വരെ ലാഭമുണ്ടാക്കിയ സ്​ഥാപനം. റെയിൽവേക്ക്​ ആവശ്യമായ ആൾട്ടർനേറ്ററുകൾ, പവർകാറുകൾ, പ്രതിരോധ വകുപ്പിനുവേണ്ട വിവിധ തരം ആൾട്ടർനേറ്ററുകൾ തുടങ്ങിയവയാണ്​ ഉൽപാദിപ്പിച്ചത്​. പൊതുമേഖല സ്​ഥാപനമായതിനാൽ ടെൻഡറില്ലാതെ തന്നെ കോടികളുടെ ജോലി ഒാർഡറുകൾ ലഭിച്ചു. ഗുണമേന്മക്ക്​ െഎ.എസ്​.ഒ സർട്ടിഫിക്കറ്റും ലഭിച്ചു.

വരുന്നു​ ഭെൽ

കേന്ദ്രത്തിൽ എ.കെ. ആൻറണി പ്രതിരോധ മന്ത്രിയും സംസ്​ഥാനത്ത്​ എളമരം കരീം വ്യവസായ മന്ത്രിയു​മായ കാലം. അന്നാണ്​ കോഴിക്കോട്​ ചാലിയത്ത്​ നിർദേശ്​ ഉൾെപ്പടെയുള്ള വൻ പദ്ധതികൾ തുടങ്ങാൻ തീരുമാനിച്ചത്. ഫറോക്കിലെ സ്​റ്റീൽ കോംപ്ലക്​സ്​ സെയിലുമായും അങ്കമാലിയിലെ ടെൽക്ക്​ എൻ.ടി.പി.സിയുമായും സംയോജിപ്പിക്കാൻ തീരുമാനിച്ചു.

ഇതിനൊപ്പമാണ്​ കാസർകോട്​ കെൽ, ഭെല്ലുമായി സഹകരിക്കാൻ പദ്ധതി ആവിഷ്​കരിച്ചത്​. ടെൽക്ക്​, സ്​റ്റീൽ കോംപ്ലക്​സ്​ എന്നിവയിൽനിന്ന്​ വ്യത്യസ്​തമായി 51 ശതമാനം ഒാഹരിയാണ്​ ഇവിടെ ഭെല്ലിന്​ കൈമാറിയത്​. ഇതോടെ ചെയർമാനും എം.ഡിയും ഉൾപ്പെടെ ഏഴംഗ ഭരണസമിതിയിലെ ആറുപേരും ഭെല്ലിേൻറതായി.

ബദ്രഡുക്കയിലെ 12 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന പ്ലാൻറിന്​ പത്തരക്കോടി രൂപ വില നിശ്ചയിച്ചാണ്​ പകുതിയിലധികം ഒാഹരി സ്വന്തമാക്കിയത്​. 2009 ഫെബ്രുവരി മൂന്നിന്​ എം.ഒ.യു ഒപ്പിട്ടു. ഭെൽ ഇ.എം.എൽ എന്ന പേരിൽ 2011 മാർച്ച്​ 28ന്​ പുതിയ കമ്പനി നിലവിൽവന്നു.

ശമ്പളം മുടങ്ങി, പി.എഫ്​ അടച്ചില്ല

പകുതിയിലധികം ഒാഹരികൾ സ്വന്തമാക്കിയതോടെ കാസർകോട്​ കെൽ ഏറക്കുറെ അനാഥമായി. അതുവരെ കൃത്യമായി നടന്ന ഉൽപാദനം ഏറക്കുറെ പിന്നോട്ടടിക്കാൻ തുടങ്ങി. 2016 ആയപ്പോഴേക്കും നീതി ആയോഗ്​ ഒരു തീരുമാനമെടുത്തു. ഇത്തരം പൊതുമേഖല സ്​ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു​ ആ തീരുമാനം.

2018 ഡിസംബർ മുതൽ ശമ്പളം മുടങ്ങി. 2019 മാർച്ചിൽ എം.ഡിയെ പോർട്ടിക്കോയിൽവെച്ച്​ ലീഗ്​ അനുകൂല സംഘടന എസ്​.ടി.യു തടഞ്ഞു. ഭരണപക്ഷമായതിനാൽ സി.​​െഎ.ടി.യു തുടക്കത്തിൽ പ്രതിഷേധത്തിൽ അൽപം പിന്നിലായിരുന്നു. പക്ഷേ, കമ്പനിയുടെ പോക്ക്​ എങ്ങോ​െട്ടന്ന്​ എല്ലാവർക്കും ബോധ്യമായി.

2018 അവസാനമായ​പ്പോഴേക്കും പി.എഫ്​ അടക്കുന്നത്​ നിന്നു. അതിനിടെ, പിരിഞ്ഞുപോയവർക്ക്​ ഗ്രാറ്റുവിറ്റി കൊടുക്കുന്നതും​ നിലച്ചു. പി.എഫ്​ വിഹിതം അടക്കാത്തതിനാൽ വിരമിച്ചവർക്ക്​ പി.എഫ്​ പെൻഷനും ഇല്ല. ശമ്പളവും മുടങ്ങി. 2020 മാർച്ചോടെ അടച്ചിടുകയും ചെയ്​തു. ഇതോടെ ജീവനക്കാർ പെരുവഴിയിലായി.

കൈയൊഴിഞ്ഞ്​ ഭെല്ലും

വലിയ ആവേശത്തോടെ പകുതിയിലധികം ഷെയറെടുത്ത്​ കെൽ സ്വന്തമാക്കിയ ഭെൽ അത്​ എങ്ങനെയെങ്കിലും തലയിൽനിന്ന്​ പോയാൽ മതിയെന്നായി. കേന്ദ്ര വ്യവസായ വകുപ്പ്​ അറിയിച്ച പ്രകാരം സംസ്​ഥാന സർക്കാർ ഭെല്ലിൽനിന്ന്​ 51 ശതമാനം ഒാഹരികൾ ഒരു രൂപക്ക്​ തിരിച്ചുവാങ്ങാൻ തീരുമാനിച്ചു. 2017 ജൂണിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ്​ തീരുമാനം.

എന്നാൽ, തീരുമാനമെടുത്തുവെന്നല്ലാതെ അത്​ നടപ്പിലായില്ല. സംസ്​ഥാന സർക്കാറും കേന്ദ്രവും ഇക്കാര്യത്തിൽ പിന്നീട്​ അഴകൊഴമ്പൻ നിലപാടാണ്​ എടുത്തത്​. ഭെൽ കൈമാറുന്നുവെന്ന്​ കേന്ദ്രവും ഏറ്റെടുക്കുന്നുവെന്ന്​ സംസ്​ഥാനവും നിരന്തരം പറയുമെന്നല്ലാതെ ഇരുവർക്കും തീർപ്പാക്കാൻ താൽപര്യമില്ല. ജീവനക്കാർ കോടതിയെ സമീപിച്ചു. മൂന്നുമാസത്തിനകം തീർപ്പുണ്ടാക്കണമെന്നാണ്​ ഏപ്രിലിലെ വിധി.

സമരം കാസർകോട്​ നഗരത്തിലേക്ക്​ മാറ്റി. നൂറുദിവസം സമരം പിന്നി​െട്ടങ്കിലും എവിടെയുമല്ലാത്ത സ്​ഥിതിയാണ്​ കമ്പനിയുടെ അവസ്​ഥ. കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക്​ തീർപ്പാക്കാൻ ഒരു താൽപര്യവുമില്ല. അപ്പോൾ നശിക്കുന്നത്​ കമ്പനിയും...

(തുടരും)

Show Full Article
TAGS:bhel kasaragod kasaragod 
News Summary - Acquisition and abandonment by BHEL
Next Story