സഹപാഠിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതിക്ക് 10 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും
text_fieldsരതീഷ്
ചേർത്തല: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് (25) ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ. ഇന്ദു ചന്ദൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇരയായ യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ വിധിക്ക് പിന്നാലെ പ്രതിയെ ജില്ല ജയിലിലേക്ക് മാറ്റി.
2015 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിൽ ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപം വെച്ച് ബൈക്കിലെത്തിയ പ്രതി കൈവശമുണ്ടായിരുന്ന ആസിഡ് യുവതിയുടെ ദേഹത്ത് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു. കോട്ടയം പമ്പാടി എൻജിനീയറിങ് കോളജിൽ ഇരുവരും ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആദ്യം ചേർത്തലയിലെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
തുടർന്ന് ചേർത്തല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ചേർത്തല സി.ഐ വി.എസ്. നവാസ് കേസ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആക്രമണത്തിനിടെ പ്രതിക്കേറ്റ ആസിഡ് പൊള്ളൽ കേസിൽ നിർണായക തെളിവായി. അന്വേഷണം പൂർത്തിയാക്കി സി.ഐമാരായ ടോമി സെബാസ്റ്റ്യൻ, വി.പി. മോഹൻലാൽ എന്നിവർ ചേർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. എറണാകുളം മെഡിക്കൽ സെന്ററിലെ പ്ലാസ്റ്റിക് സർജനെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ ഹാജരായി. സി.പി.ഒമാരായ പി.ജെ. അനിൽ, അനീഷ് അമ്പു, എസ്. ആദർശ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

