ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകോഴിക്കോട്: ഉണ്ണികുളത്ത് ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെല്ലിപ്പറമ്പില്‍ രതീഷ് (കുട്ടാപ്പി-32) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് മുകളില്‍നിന്ന് ചാടുകയായിരുന്നെന്നാണ് വിവരം. ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. സംഭവ ദിവസം രതീഷ് വീട്ടിലില്ലെന്നായിരുന്നു അമ്മ ആദ്യം നല്‍കിയ മൊഴി. ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൊബൈല്‍ ലൊക്കേഷനടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരിങ്കല്‍ ക്വാറി തൊഴിലാളികളായ മാതാപിതാക്കള്‍ക്കും ഇളയ സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചു വരുന്ന ആറു വയസുകാരിയാണ് ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷം ബലാത്സംഗത്തിനിരയായത്. രാത്രി 12 മണിയോടെ കുട്ടികളുടെ കരച്ചില്‍ കേട്ടതായി പ്രദേശവാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ബന്ധു വീട്ടില്‍ പോയ കുട്ടിയുടെ മാതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പിതാവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ചു കടന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്.
ഇളയ കുട്ടികളെ നോക്കാന്‍ ആറുവയസുകാരിയെ ഏല്‍പ്പിച്ചാണ് പിതാവ് പുറത്ത് പോയത്. തിരിച്ചെത്തിയതിന് ശേഷമാണ് ഗുരുതര പരിക്കുകളോടെ രക്തം വാര്‍ന്ന് അവശയായ നിലയില്‍ കുട്ടിയെ കാണുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബാലികയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില ഭേദപ്പെട്ടുവരികയാണ്.