വീട്ടിൽ കയറി യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsഅബ്ദുൾ
നാസർ
കിഴക്കമ്പലം: മദ്യലഹരിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ഭർതൃമതിയായ യുവതിയെ ആക്രമിച്ച കേസിൽ പട്ടിമറ്റം ചെങ്ങരയിൽ വാടകക്ക് താമസിക്കുന്ന അബ്ദുൾ നാസറിനെ (39) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്മനോട് ചൂരക്കോട് മാവിൻചുവട്ടിൽ ബാർബർ ഷോപ് നടത്തുകയാണ് ഇയാൾ. വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെ കുമ്മനോട് ഗവ. യു.പി സ്കൂളിനടുത്തുള്ള വീട്ടിലാണ് സംഭവം.
യുവതിയുടെ ഭർത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. യുവതി ബഹളംവെച്ചതോടെ മൊബൈലിൽ യുവതിയുടെ വിഡിയോ ഷൂട്ട് ചെയ്ത ശേഷം സമൂഹമധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സംഭവസ്ഥലത്തുനിന്ന് പ്രതി കടന്നുകളഞ്ഞു. ഒരുവർഷം മുമ്പ് മദ്യലഹരിയിൽ ബാർബർ ഷോപ്പിനു മുന്നിൽ കുഴപ്പമുണ്ടാക്കിയ ഇയാളെ പിടികൂടാനെത്തിയ കുന്നത്തുനാട് പൊലീസിനെ ആക്രമിച്ച കേസിലും പട്ടിമറ്റം എസ്.ബി.ഐയിൽ ഉപഭോക്താക്കളെ ആക്രമിക്കാൻ ശ്രമിക്കുകയും മാനേജറുടെ കാർ തല്ലിത്തകർത്ത കേസിലും പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്തുള്ള ബാർ തല്ലിത്തർത്ത കേസിലുമടക്കം പ്രതിയാണ് ഇയാൾ.
യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് നാടുവിടാനൊരുങ്ങിയ ഇയാളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. അന്വേഷണത്തിന് പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ സനീഷ്, നിസാർ എന്നിവർ നേതൃത്വം നൽകി. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

